എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്റെ മാരത്തോണ്‍ ചോദ്യം ചെയ്യല്‍ ശനിയാഴ്ച വീണ്ടും. ജാമ്യാപേക്ഷയുമായി ബിനോയ് കോടിയേരി കർണാടക ഹൈക്കോടതിയിലേക്ക്

ബംഗളൂരു: കള്ളപ്പണം വെളുപ്പിച്ച കുറ്റത്തിന് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് 13 മണിക്കൂർ ചോദ്യം ചെയ്തു. 30- 10- 2020 വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് ആരംഭിച്ച ചോദ്യംചെയ്യൽ അവസാനിച്ചത് രാത്രി 11 മണിയോടെയാണ്. ബിനീഷിന്റേയും അനൂപിന്റേയും ബാങ്ക് അക്കൗണ്ടില്‍ വന്ന പണത്തെ സംബന്ധിച്ച് ചോദിച്ചറിയാൻ ശ്രമിച്ചു. പണത്തിന്റെ സ്രോതസിനെ കുറിച്ച് ബിനീഷ് ഒന്നും തുറന്നു പറഞ്ഞിട്ടില്ല. മൊബൈൽ ഫോണിലെ വിവരങ്ങൾ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി കൊണ്ടിരിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളിൽ അക്കൗണ്ടുകളും പരിശോധിക്കുന്നുണ്ട്.

ബാംഗ്ലൂർ മയക്കുമരുന്ന് കേസിലെ പ്രധാന കണ്ണിയായ അനൂപ് ബിനീഷിന്റെ ബിനാമി മാത്രമാണെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കണ്ടെത്തിയിട്ടുണ്ട്. അനൂപിന്റെ പേരിൽ തുടങ്ങിയ ഹോട്ടലിന്റെ യഥാർത്ഥ ഉടമ ബിനീഷ് കോടിയേരിയാണ്. ഇരുവരും ചേർന്ന് വലിയ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ട്. വിവിധ അക്കൗണ്ടുകളിൽ നിന്ന് ബിനീഷ് അനൂപിന് പണം കൈമാറിയ പോലെ തന്നെ അനൂപ് തിരിച്ചു പണം അയച്ചിട്ടുണ്ട്.

31- 10- 2020 ശനിയാഴ്ച ചോദ്യംചെയ്യൽ തുടരും. തിങ്കളാഴ്ച വൈകിട്ട് ബിനീഷിനെ ഹാജരാക്കുമ്പോൾ അന്വേഷണപുരോഗതി കോടതിയെ അറിയിക്കേണ്ടതുണ്ട്.

അതേസമയം വൈകീട്ട് അഞ്ച് മണിയോടെ ബിനോയ് കോടിയേരിയും രണ്ട് മുതിർന്ന അഭിഭാഷകരും ബിനീഷിനെ കാണുന്നതിനായി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്റെ ഓഫീസിലെത്തി. പ്രതിയെ കാണണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ അനുവാദം ലഭിച്ചില്ല. ബിനീഷ് കോടിയേരിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കസ്റ്റഡി അപേക്ഷ നൽകിയപ്പോൾ സെഷൻസ് കോടതിയിൽ ഹാജരായ അഭിഭാഷകൻ കഴിഞ്ഞദിവസം വക്കാലത്ത് ഒഴിഞ്ഞിരുന്നു. പകരം വക്കാലത്ത് ഏറ്റെടുത്ത രണ്ട് മുതിർന്ന അഭിഭാഷകരാണ് ബിനീഷിനെ കാണാനെത്തിയത്. ജാമ്യാപേക്ഷയിൽ ഒപ്പുവെക്കാൻ ഉണ്ടെന്നാണ് പറഞ്ഞത്. കാണാൻ അനുവദിക്കാത്ത നടപടിക്കെതിരെ കർണാടക ചീഫ് ജസ്റ്റിസിനെ കാണാൻ ശ്രമിക്കുമെന്ന് പറഞ്ഞ് പോയി. രാത്രി തന്നെ അവർ കർണാടക ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ ഒക്കെയുടെ വസതിയിലെത്തി. നേരിട്ട് ഹർജി നൽകാനായിരുന്നു ശ്രമം. ഹർജി നേരിട്ട് കോടതിയിൽ സമർപ്പിച്ചാൽ മതി എന്ന് നിർദ്ദേശിച്ച സുരക്ഷാ ജീവനക്കാർ അവരെ മടക്കിയയച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →