കണ്ണൂര്‍: കേരള ബാങ്ക് വഴി സംരംഭകര്‍ക്കും കൃഷിക്കാര്‍ക്കുമുളള വായ്പ്പാ പദ്ധതികള്‍ക്കുളള വിതരണം വര്‍ദ്ധിപ്പിക്കും. സംസ്ഥാന സര്‍ക്കാരിന്‍റെ 100 ദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുളള പദ്ധതിയുടെ ഭാഗമായിട്ടാണ് വായ്പാ പദ്ധതികള്‍ വര്‍ദ്ധിപ്പിക്കുന്നത്. സംരംഭകര്‍ക്കുളള എംഎസ്എംഇ, കര്‍ഷകര്‍ക്കുളള ദീര്‍ഘകാല കാര്‍ഷികവായ്പ തുടങ്ങി എല്ലാവിധ വായപകളും അര്‍ഹരായ അപേക്ഷകര്‍ക്ക് പരമാവധി വേഗത്തില്‍ വിതരണം ചെയ്യുമെന്ന് കേരള ബാങ്ക് കണ്ണൂര്‍ റീജ്യണല്‍ ജനറല്‍ മാനേജര്‍ എ.അനില്‍കുമാര്‍ അറിയിച്ചു.
വാണിജ്യ സേവന മേഖലകളില്‍ ചെറുകിട ഇടത്തരം സംരംഭകര്‍ക്കായി 8.75 ശതമാനം പലിശ നിരക്കില്‍ വ്യക്തികള്‍ക്ക് 60 ലക്ഷം രൂപ വരെയും കമ്പനികള്‍ക്ക് ഒരുകോടി രൂപവരെയും വായ്പ അനുവദിക്കും. കാര്‍ഷിക കാര്‍ഷികാനുബന്ധ സംരംഭങ്ങള്‍ക്കായി 15 വര്‍ഷം വരെ കാലാവധിയില്‍ 60 ലക്ഷം രുപവരെയും പ്രവാസി സംരഭകര്‍ക്കായി ഏഴുവര്‍ഷ കാലാവധിയില്‍ 24 ലക്ഷം രൂപവരെയും അനുവദിക്കും
കൂടാതെ പ്രവാസി കിരണ്‍, കുടുംബശ്രീ, എസ്എച്ച്ജി വഴിയുളള സംരംഭങ്ങള്‍ എന്നിവയ്ക്ക് 10 ലക്ഷം രൂപ വരെയും , പൈനാപ്പിള്‍ കര്‍ഷകര്‍ക്ക് ഏഴുവര്‍ഷ കാലാവധിയില്‍ 60 ലക്ഷം രൂപ വരെയും പ്രത്യേക വായ്പ്പാ പദ്ധതി പ്രകാരം അനുവദിക്കുമെന്നും റീജ്യണല്‍ മാനേജര്‍ പറഞ്ഞു.

