സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്കകാരുടെ സംവരണത്തന്‌ കോണ്‍ഗ്രസിന്‍റെ പിന്തുണ

തിരുവനന്തപുരം: മുന്നാക്ക സമുദായങ്ങളില്‍ സാമ്പത്തീകമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്‌ സംവരണം നടപ്പിലാക്കിയ സര്‍ക്കാര്‍ നടപടിയെ പിന്‍തുണക്കാന്‍ കോണ്‍ഗ്രസ്‌ തീരുമാനം. എന്നാല്‍ അത്‌ നിലവില്‍ സംവരണം അനുഭവിക്കുന്ന പിന്നാക്ക വിഭാഗങ്ങളെ ബാധിക്കരുതെന്നും കഴിഞ്ഞ ബുധനാഴ്‌ച കൂടിയ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ആവശ്യപ്പെട്ടു.

മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വര്‍ക്ക്‌ പത്ത്‌ ശതമാനം സംവരണം നല്‍കുകയെന്നത്‌ ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്‍റെ പ്രഖ്യാപിത നിലപാടണ്‌. ഇതിന്‍റെ ചുവട്‌ പിടിച്ചാണ്‌ കേരളത്തില്‍ മുന്നാക്ക സമുദായ കോര്‍പ്പറേഷന്‌ യുഡിഎഫ്‌ ഭരണത്തില്‍ തുടക്കം കുറിച്ചത്‌.

എന്നാല്‍ ഇതിന്‍റെ പേരില്‍ പിന്നാക്കക്കാര്‍ക്ക്‌ ഉണ്ടായിട്ടുളള ആശങ്ക പരിഹരിക്കാനുളള ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണ്‌ .പിന്നാക്കക്കാര്‍ക്ക്‌ ഇപ്പോള്‍ ലഭിച്ചുവരുന്ന സംവരണാനുകൂല്ല്യങ്ങള്‍ അല്‍പ്പംപോലും നഷ്ടപ്പെടാതെ വേണം മുന്നാക്ക സംവരണം നടപ്പിലാക്കാനെന്നും യോഗം ചൂണ്ടിക്കാട്ടി.

ലീഗിന്‍റെ ഭാഗത്ത്‌ തിടുക്കപ്പെട്ട്‌ ചില നീക്കങ്ങള്‍ ഉണ്ടായെന്ന്‌ യോഗത്തില്‍ ചില നേതാക്കള്‍ വിമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസുമായി കൂടിയാലോചന നടത്താതെയാണ്‌ അവര്‍ സമരം പ്രഖ്യാപിച്ചതെന്ന അഭിപ്രായം വന്നിരുന്നു. സംവരണത്തില്‍ ലീഗിന്‌ പ്രഖ്യാപിത നിലപാടുണ്ട്‌. അതില്‍ തെറ്റില്ല എന്നാല്‍ പരസ്യമായി രംഗത്ത്‌ വരുംമുമ്പ്‌ കോണ്‍ഗ്രസ്‌ നേതൃത്വം അവരുമായി ചര്‍ച്ച നടത്തേണ്ടിയിരുന്നു. അതുണ്ടാകാത്തതിനാല്‍ യുഡിഎഫില്‍ അഭിപ്രയ ഭിന്നതയുണ്ടെന്ന്‌ ആരോപിക്കാന്‍ ഇടതുപക്ഷത്തിന്‌ അവസരം നല്‍കിയെന്നും സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ നിന്ന്‌ ശ്രദ്ധതിരിക്കാന്‍ അത്‌ അവര്‍ക്ക്‌ സഹായകരമായി എന്നും വിഡി സതീശന്‍, പിജെ കുര്യന്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി.

കെ മുരളീധരന്‍റെ പരസ്യ നിലപാടുകള്‍ക്കെതിരെയും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. എല്ലാക്കാര്യത്തിലും കൂടിയാലോചനകള്‍ വേണമെന്നും പാര്‍ട്ടി പരിപാടികള്‍ പത്രത്തിലൂടെയല്ല അറിയേണ്ടതെന്ന്‌ മുരളീധരനും വ്യക്തമാക്കി. പിസി തോമസ്‌, പിസി ജോര്‍ജ്‌ എന്നിവര്‍ നയിക്കുന്ന പാര്‍ട്ടികളെ യൂഡിഎഫിന്‍റെ ഘടക കക്ഷിയാക്കുന്നതി്‌ന പകരം നിലവില്‍ മുന്നണിയിലുളള ഏതെങ്കിലുമൊരു കക്ഷിയില്‍ ലയിച്ച്‌ മുന്നണിയുടെ ഭാഗമാക്കണമെന്ന് നിര്‍ദ്ദേശവും യോഗത്തിലുണ്ടായി. പി.സി തോമസ്‌ എന്‍ഡിഎ വിട്ടുവരുമ്പോള്‍ ബിജെപിക്കെതിരായ രാഷ്ട്രീയ നിലപാടാണ്‌ പറയേണ്ടിയിരുന്നതെന്ന്‌ കെസി വേണുഗോപാല്‍ ചൂണ്ടിക്കട്ടി. ഇരുവരുടേയും കാര്യത്തില്‍ വിശദമായ ചര്‍ച്ച അടുത്ത യോഗത്തിലുണ്ടാവും. അടുത്തമാസം ഏഴിനാണ്‌ വീണ്ടും രാഷ്‌ട്രീയ കാര്യ സമിതി യോഗം ചേരുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →