കാസര്‍കോട്: ഉന്നവിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരവും സാമൂഹിക നീതിയും ഉറപ്പാക്കാന്‍ നിരവധി പദ്ധതികളാണ് നടപ്പാക്കിയതെന്നും ചരിത്രത്തിലില്ലാത്ത വിധം മികച്ച പരിഗണനയാണ് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. 111 കോടി രൂപ ചെലവഴിച്ച് 47 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വികസിപ്പിച്ചതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ആദ്യമായാണ് ഉന്നതവിദ്യാഭ്യാസത്തിന് മാത്രമായി ഒരു മന്ത്രാലയം വന്നത്. ശ്രീനാരായണ ഗുരുവിന്റെ പേരില്‍ വിദൂര വിദ്യാഭ്യാസത്തിന് സര്‍വകലാശാല ആരംഭിച്ചു. മലയാളം സര്‍വകലാശാലയ്ക്ക് വേണ്ടി ഭൂമി ഏറ്റെടുത്തു. സര്‍ക്കാര്‍ ആര്‍ട്സ് കോളേജുകളില്‍ 562 അധ്യാപന നിയമനങ്ങളും 436 അനധ്യാപക നിയമനവും സാധ്യമാക്കി. നാനൂറോളം പുതിയ തസ്തികള്‍ സൃഷ്ടിച്ചു. സര്‍വകലാശാലകളില്‍ ഡിജിറ്റല്‍ ഫയല്‍ പ്രൊസസിങ് സംവിധാനം ഏര്‍പ്പെടുത്തി. കോളേജുകളുടെ അടിസ്ഥാന സൗകര്യവികസനത്തിനും അക്കാദമിക വികസനത്തിനും കിഫ്ബിയിലുള്‍പ്പെടുത്തി 700 കോടിയുടെ പദ്ധതികള്‍ക്കാണ് ഭരണാനുമതി നല്‍കിയത്. സംസ്ഥാനത്ത് പുതുതായി മൂന്ന് സര്‍ക്കാര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളും അഞ്ച് എയ്ഡഡ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളും ആരംഭിച്ചു. വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ ബിരുദ-ബിരുദാന്തര തലത്തില്‍ പുതിയ 59 കോഴ്സുകളും അടിസ്ഥാന സൗകര്യമുറപ്പാക്കിയ എയ്ഡഡ് കോളേജുകളില്‍ പുതിയ കോഴ്സുകളും അനുവദിച്ചു. ഇതിന്റ ഫലമായി ഇരുപതിനായിരത്തോളം സീറ്റുകളുടെ വര്‍ധനവുണ്ടായത് സര്‍വകാലറെക്കോര്‍ഡാണ്. നിലവില്‍ സംസ്ഥാനത്ത് 29 സര്‍ക്കാര്‍ കോളേജുകള്‍ക്ക് നാക്ക് അക്രഡിറ്റേഷന്‍ ഉണ്ട്. ഇത് വര്‍ധിപ്പിക്കേണ്ടതുണ്ട്. അതിനാണ് നിലവാരമുള്ള പഠനാന്തരീക്ഷവും ഗുണമേന്മയുള്ള വിദ്യാഭ്യാസവും സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് കാലത്ത് ഉപരിപഠനം ഏതാണ്ട് സമ്പൂര്‍ണമായി ഡിജിറ്റലായി മാറി. എംഎച്ച്ആര്‍ഡി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ സംസ്ഥാനത്തെ ഡിജിറ്റല്‍ വിദ്യാഭ്യാസ രീതി രാജ്യത്തെ മികച്ച മാതൃകയെന്ന് വിശേഷിപ്പിച്ചത് അഭിമാന നേട്ടമാണ്. വിജ്ഞാനത്തിന്റെ നിര്‍മിതിക്കും വിതരണത്തിനും സമൂഹത്തെ പ്രാപ്തമാക്കുന്ന ഉന്നത വിദ്യാകേന്ദ്രങ്ങളാണ് സര്‍വകലാശാലകള്‍. പഠനബോധന രീതികള്‍ പരിഷ്‌കരിക്കുന്നതിനും അക്കാദമിക നേതൃത്വം നല്‍കേണ്ടവരാണ് സര്‍വകലാശാലകള്‍. ഇതിനായ സര്‍വകലാശാലകളെ പരിവര്‍ത്തിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. കെട്ടിടങ്ങളില്‍ വരുന്ന മാറ്റമല്ല പുറത്തിറങ്ങുന്ന വിദ്യാര്‍ത്ഥിയുടെ അറിവ്, യുക്തിബോധം, മാനവികത ഇതൊക്കെയാണ് ഗുണനിലവാരം അളക്കുന്നതിനുള്ള അളവുകോല്‍. ഒരു വിദ്യാര്‍ത്ഥിയെ മികച്ച മനുഷ്യനാക്കുകയാണ് വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗം മാറ്റത്തിന്റെ പാതയില്‍: മന്ത്രി ഡോ. കെ ടി ജലീല്‍
വിദ്യാഭ്യാസ മേഖലയില്‍ ശക്തമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ഉന്നതവിദ്യാഭ്യാസ രംഗം ചരിത്രപരമായ മാറ്റത്തിന്റെ പാതയിലാണെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍ പറഞ്ഞു. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 111 കോടി രൂപ ചെലവഴിച്ച് വികസിപ്പിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍വകലാശാലകളില്‍ കാലങ്ങളായി തുടര്‍ന്ന് വരുന്ന നിരവധി സമ്പ്രദായങ്ങളാണ് കാലോചിതമായി മാറ്റിയത്. സംസ്ഥാനത്ത് ആദ്യമായി ഉന്നത വിദ്യാഭ്യാസത്തിനായി പുതിയ വകുപ്പ് രൂപീകരിച്ചപ്പോള്‍ ഒരുപാട് ലക്ഷ്യങ്ങളുണ്ടായിരുന്നു. അതോരോന്നായി പൂര്‍ത്തീകരിക്കുകയാണ്. വ്യത്യസ്ഥ തിയ്യതികളിലായിരുന്നു അഡ്മിഷന്‍ നടത്തിയിരുന്നത്. പരീക്ഷ തിയ്യതികള്‍ക്കും റിസള്‍ട്ടിനും കൃത്യത ഉണ്ടായിരുന്നില്ല. കഴിഞ്ഞ അധ്യയന വര്‍ഷമാണ് ഇക്കാര്യങ്ങളില്‍ ഏകീകരണമുണ്ടായത്. ഏപ്രില്‍ 30ന് മുമ്പ് ഡിഗ്രി റിസള്‍ട്ടും മെയ് അവസാനത്തോട് കൂടി പിജി റിസള്‍ട്ടും പബ്ലിഷ് ചെയ്യമണമെന്ന് തീരുമാനിക്കുകയും സര്‍വകലാശാലകള്‍ ഉണര്‍ന്ന് പ്രയത്നിക്കുകയും ചെയ്തപ്പോള്‍ ആ ലക്ഷ്യം യാഥാര്‍ത്ഥ്യമായി. ഇതിന്റെ ഫലമായി പരീക്ഷാ കലണ്ടറുകള്‍ ഏകീകരിക്കാന്‍ കഴിഞ്ഞു. സര്‍വകലാശാലകളിലെ രജിസ്ട്രാര്‍, കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍, ഫിനാന്‍സ് ഓഫീസര്‍ എന്നീ തസ്തികയുടെ കാലാവധി നാല് വര്‍ഷമാക്കിയത് വിപ്ലവകരമായ മാറ്റമായിരുന്നു. ഉന്നത വിദ്യാഭ്യാസത്തിന് സര്‍വതോന്‍മുഖമായ മാറ്റത്തിന്റെയും അഭിവൃദ്ധിയുടെയും കാലമാണിതെന്ന് അദ്ദേഹം പറഞ്ഞു.
യൂണിവേഴ്സിറ്റി മാറി പഠനം തുടരാന്‍ അവസരമൊരുക്കും
സംസ്ഥാനത്തെ ഒരു യൂണിവേഴ്സിറ്റിയില്‍ നിന്നും കുറച്ച് സെമസ്റ്ററുകള്‍ പഠിച്ച് മറ്റൊരു യൂണിവേഴ്സിറ്റിയില്‍ ബാക്കി സെമസ്റ്ററുകളില്‍ പഠനം തുടരാന്‍ അവസരമൊരുക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പ്ലസ്ടു സയന്‍സുകാര്‍ക്ക് ഡിപ്ലോമ രണ്ടാം വര്‍ഷത്തിലേക്ക് ചേരുവാനുള്ള സംവിധാനം സംസ്ഥാനത്ത് ആദ്യമായി ആരംഭിച്ചു. ഇതുവരെ പരിഗണിക്കാതിരുന്ന സെല്‍ഫ് ഫിനാന്‍സിങ് കോളേജുകളിലെ അധ്യാപകരുടെ യോഗ്യത, സേവനവേതന വ്യവസ്ഥകള്‍ എന്നിവയിലുള്ള നിയമനിര്‍മാണം ഏതാനും ആഴ്ചകളില്‍ ഉണ്ടാവും. ഇത് ആയിരക്കണക്കിന് അധ്യാപകര്‍ക്ക് അനുഗ്രഹമാവും. ഓട്ടോണോമസ് കോളേജുകളുമായി ബന്ധപ്പെട്ട നിയമങ്ങളിലും കാലോചിതമായ മാറ്റം വരുത്തും. ഉന്നതവിദ്യാഭ്യാസ രംഗത്ത് വലിയ കുതിപ്പാണ് സംഭവിക്കുന്നത്. ഈ മേഖലയുടെ ചരിത്രത്തില്‍ ഒരു നാഴികക്കല്ല് പിന്നിടുന്നു.
ഒരിക്കലും നടക്കില്ലെന്ന് കരുതിയ പല പദ്ധതികളാണ് നടപ്പാക്കിയത്. പൊതു വിദ്യാലയങ്ങളിലേക്ക് അഞ്ച് ലക്ഷം വരുന്ന വിദ്യാര്‍ത്ഥികളാണ് നാലര വര്‍ഷം കൊണ്ട് അധികമായി എത്തിയത്. ലോകോത്തര നിലവാരത്തിലേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എത്തിക്കുന്നതിന് പൊതുവിദ്യാഭ്യാസ യജ്ഞം വളരെ സഹായകമായി. നാക്ക് അക്രഡിറ്റേഷന്‍ നേടുന്നതില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കഴിഞ്ഞ നാലര വര്‍ഷത്തില്‍ അഭൂതപൂര്‍വമായ മുന്നേറ്റമാണ് നടത്തിയത്. രാജ്യത്തെ ആദ്യത്തെ നൂറ് സര്‍വകലാശാലകളുടെ പട്ടികയില്‍ കേരളത്തിലെ പല കോളേജുകളും ഉള്‍പ്പെട്ടത് വലിയ നേട്ടമാണ്. കോളേജുകളില്‍ പുതിയ ന്യൂജന്‍ കോഴ്സുകളാണ് സര്‍ക്കാര്‍ അനുവദിക്കുന്നത്. രണ്ട് വര്‍ഷം കൊണ്ട് ഇരുപതിനായിരം സീറ്റുകളുടെ വര്‍ധനവാണുണ്ടായത്. നവോത്ഥാന നായകന്‍ ശ്രീനാരായണഗുരുവിന്റെ പേരില്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ സയന്‍സ് കോഴ്സുകളും പഠിക്കാന്‍ സാധിക്കും. ഏറ്റവും മികച്ച സിലബസുകളോട് കൂടിയ ഓപ്പണ്‍ സര്‍വകലാശാല ഇന്തയില്‍ തന്നെ ആദ്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8843/Higher-Education.html