മര്‍ദ്ദനമേറ്റ്‌ 45 കാരന്‍ മരിച്ച സംഭവത്തില്‍ യുവാവ്‌ അറസ്റ്റില്‍

അമ്പലപ്പുഴ: മര്‍ദ്ദനമേറ്റ്‌ 45 കാരന്‍ മരിച്ച സംഭവത്തില്‍ യുവാവ്‌ അറസ്റ്റിലായി. പുന്നപ്ര വടക്ക്‌ പഞ്ചായത്തില്‍പളളിവീട്ടില്‍ ശശിധരന്റെ മകന്‍ സുരാജ്‌(34) ആണ്‌ അസ്‌റ്റിലായത്‌. പുന്നപ്ര വടക്ക്‌ പഞ്ചായത്ത് 17-ാം വാര്‍ഡില്‍ തൈവെളിയില്‍ പ്രസന്നന്‍ -വിജയമ്മ ദമ്പതികളുടെ മകന്‍ പ്രഭാഷ്‌ മരിച്ച കേസിലാണ്‌ ഇയാളെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌.

കഴിഞ്ഞ ഞായറാഴ്‌ച അര്‍ദ്ധരാത്രിയോടെ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രഭാഷ്‌ രാവിലെ ആറരയോടെ മരണപ്പെടുകയായിരുന്നു. ക്രൂരമായി മര്‍ദ്ദമമേറ്റിരുന്നതായി ബന്ധുക്കള്‍ പരാതിപെട്ടു. അതിന്‍റെ അടിസ്ഥാനത്തില്‍ പുന്നപ്ര പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷണം നടത്തുകയായിരുന്നു. കഴിഞ്ഞ 24.10.2020 ശനിയാഴ്‌ച പണികഴിഞ്ഞ്‌ വീട്ടിലെത്തിയ പ്രഭാഷിനെ രാത്രി 9 ഓടെ സുഹൃത്ത്‌ സജി വീട്ടില്‍ നിന്നും വിളിച്ചുകൊണ്ടുപോയിരുന്നു.

സമീപത്തെവിടെയോ കളളന്‍ കയറിയെന്ന്‌ അറിഞ്ഞ പ്രഭാഷ്‌ സജിയുടെ പിന്നിലിരുന്ന്‌ സ്കൂട്ടറില്‍ പോകവെ സമീപവാസിയായ സുരാജിനെ കാണുകയും കളളനെ കണ്ടോയെന്ന്‌ അന്വേഷിക്കുകയും ചെയ്‌തു. ഇതില്‍ പ്രകോപിതനായ സുരാജ്‌, പ്രഭാഷിനെ സ്‌കൂട്ടറില്‍ നിന്ന്‌ ചവിട്ടി താഴെയിടുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയതു. മര്‍ദ്ദനമേറ്റ്‌ വഴിയില്‍ കിടന്നിരുന്ന പ്രഭാഷിനെ മണിക്കൂറുകള്‍ക്കുശേഷം നാട്ടുകാര്‍ വീട്ടിലെത്തിക്കുകയായിരുന്നു. ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ അര്‍ദ്ധരാത്രിയോടെ വീട്ടുകാര്‍ ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിച്ചു . ഗുരുതരവാസ്ഥയിലായിരുന്നതിനാല്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഞായറാഴ്‌ച പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു.

കോവിഡ്‌ പോസിറ്റീവ്‌ സ്ഥിരീകരിച്ച മൃതദേഹം പോസ്‌റ്റ്‌ മോര്‍ട്ടത്തിനുശേഷം തിങ്കളാഴ്‌ച രാത്രിയോടെ വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. പുന്നപ്ര സിഐ എം യഹിയ, എസ്‌ഐമാരായ അജിത്‌കുമാര്‍, അബ്ദുള്‍ രഹീം, എന്നിവരുടെ നേതൃത്വത്തിലുളള പോലീസ്‌ സംഘം വാടക്കല്‍ സഹകരണ ആശുപത്രി പരിസരത്തുനിന്നും സുരാജിനെ അറസ്റ്റ്‌ ചെയ്‌തു. കോടതിയില്‍ ഹാജരാക്കിയ സുരാജിനെ റിമാന്‍റ് ‌ ചെയ്‌തു.

Share
അഭിപ്രായം എഴുതാം