തിരുവനന്തപുരം: ലൈഫ് മിഷൻ ഇടപാടിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനെ കൂടുതൽ വെട്ടിലാക്കുന്ന ഒരു മൊഴി കൂടി പുറത്തു വന്നു. യൂണീടാക് എം ഡി സന്തോഷ് ഈപ്പൻ്റെ മൊഴിയാണ് പുറത്തു വന്നത്. കമ്മീഷന് നല്കിയ ശേഷമാണ് ശിവശങ്കരനെ കാണാന്‍ സാധിച്ചതെന്നാണ് സന്തോഷ് ഈപ്പന് മൊഴിയിൽ പറയുന്നത്. കമ്മീഷൻ നൽകാൻ ഡോളർ വാങ്ങിയത് കരിഞ്ചന്തയിൽ നിന്നാണെന്നും യുണീടാക് എം ഡി മൊഴിയിയിൽ പറയുന്നു. 3 ലക്ഷം യു.എസ് ഡോളർ എറണാകുളത്ത് നിന്നും ഒരു ലക്ഷം യുഎസ് ഡോളർ തിരുവനന്തപുരത്ത് നിന്നും വാങ്ങിയെന്നാണ് സന്തോഷ് ഈപ്പന് എന്‍ഫോഴ്സ്മെന്റിന് മൊഴി നല്‍കിയത്.
ലൈഫ് മിഷൻ കരാർ ഉറപ്പിക്കാൻ വിവിധ തലത്തിൽ ഉള്ളവർക്ക് കമ്മീഷൻ നൽകിയിരുന്നൂവെന്ന് സന്തോഷ് ഈപ്പന് നേരത്തേ സിബിഐക്ക് മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിക്ക് നല്കിയ മൊഴിയുടെ വിശദാംശങ്ങളും പുറത്ത് വന്നിരിക്കുന്നത്. യുഎഇ കോൺസുലേറ്റിലെ ഈജിപ്ഷ്യൻ പൗരനായ ഖാലിദിന് 4 കോടിയാണ് കമ്മീഷനായി നൽകിയത്. സ്വപ്നയ്ക്കായി 80 ലക്ഷം രൂപയും ഇത്തരത്തിൽ നൽകിയിട്ടുണ്ട്.
കമ്മീഷനായി ഇന്ത്യൻ രൂപ വേണ്ടെന്നും യുഎസ് ഡോളറായി വേണമെന്നും ഈജിപ്ഷ്യൻ പൗരനായ ഖാലിദ് നിർബന്ധം പിടിച്ചു. ഇതിനുവേണ്ടിയാണ് കരിഞ്ചന്തയിൽ നിന്ന് ഡോളർ വാങ്ങിയത്. കരമന ആക്സിസ് ബാങ്കിലെ ഉദ്യോഗസ്ഥനായ ശേഷാദ്രി, വൈറ്റില ആക്സിസ് ബാങ്കിലെ ഉദ്യോഗസ്ഥൻ ഇർഷാദ് എന്നിവരാണ് കരിഞ്ചന്തയിൽ നിന്ന് ഡോളർ സംഘടിപ്പിച്ച് നൽകിയത്.
ലൈഫ് മിഷൻ ഇടപാട് തനിക്ക് ലഭിച്ചപ്പോൾ തന്നെ 7.5 കോടി രൂപ കമ്മീഷനായി സ്വർണക്കടത്ത് കേസ് പ്രതികൾ തന്നിൽ നിന്നും കൈപ്പറ്റിയെന്നും ഇഡിക്ക് നൽകിയ മൊഴിയിൽ സന്തോഷ് ഈപ്പൻ പറയുന്നുണ്ട്. സ്വപ്നയ്ക്കും സന്ദീപിന്റെ സ്ഥാപനത്തിലേക്കും കമ്മീഷൻ പണമായി നൽകിയെന്നും മൊഴിയിലുണ്ട്. ഈ തുക കൈമാറിയ ശേഷമാണ് തനിക്ക് ശിവശങ്കറെ കാണാൻ അനുവാദം കിട്ടിയത്. സ്വപ്ന മുഖേനയാണ് ശിവശങ്കറെ കണ്ടതെന്നും മൊഴിയിൽ പറയുന്നു.

