കിളിമാനൂര്‍: പതിനേഴുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചതിനു ശേഷം സ്വർണാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ കാമുകനും സഹായിയും അറസ്റ്റിൽ. പതിനെട്ടുകാരനായ ആലംകോട് മേവര്‍ക്കല്‍, പട്ട്ള നിസാര്‍ മന്‍സിലില്‍ അല്‍നാഫിയാണ് കാമുകൻ. ഇയാളെ ഒളിവിൽ കഴിയാനും സ്വർണാഭരണങ്ങൾ പണയപ്പെടുത്താനും സഹായിച്ച എറണാകുളം കോതമംഗലം പനന്താനത്ത് വീട്ടില്‍ സോണി ജോര്‍ജുമാണ് (23) പിടിയിലായത്.
അൽനാഥി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയെന്ന അറിവോടെ തന്നെയാണ് സോണി ജോർജ് ഒളിവിൽ കഴിയാൻ സഹായിച്ചത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട സമരത്തിനിടെ പൊലീസ് ജീപ്പിന്റെ ചില്ല് അടിച്ച് തകര്‍ത്ത കേസിലെ പ്രതിയാണ് ഇയാൾ.
നഗരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അല്‍നാഫി പ്രണയം നടിച്ച് വശീകരിക്കുകയായിരുന്നു. തുടർന്ന്
കടലുകാണി അടക്കമുള്ള സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു.
ഓരോ കാരണങ്ങൾ ഉന്നയിച്ച് 18.5 പവന്‍ സ്വര്‍ണം വാങ്ങിയെടുത്ത് ദുരുപയോഗം ചെയ്തു. 9 പവന്‍ പ്രതിയും വഞ്ചിയൂരിലുള്ള സുഹൃത്തുക്കളും ചേര്‍ന്ന് അടുത്തുള്ള പണമിടപാട് സ്ഥാപനങ്ങളിലും ജൂവലറികളിലുമായി സ്വർണം വിൽക്കുകയും പണയം വെക്കുകയും ചെയ്യുകയായിരുന്നു.
അല്‍നാഫിയുടെ സുഹൃത്ത് മുഖേനയാണ് സംഘം സോണിജോര്‍ജിനെ പരിചയപ്പെട്ടത്. ബാക്കിയുള്ള 9.5 പവന്‍ സ്വര്‍ണവുമായി അല്‍നാഫിയും സുഹൃത്തുക്കളും എറണാകുളത്ത് എത്തി സോണി ജോര്‍ജിനെ സമീപിച്ചു. സോണി ജോർജാണ് സ്വർണം പണയം വെക്കാനും വിൽക്കാനും സൗകര്യമൊരുക്കിയത്. ഒളിവിൽ താമസിക്കാനും വീട് സംഘടിപ്പിച്ചു നൽകി.
2020 ജൂണ്‍ മാസത്തോടെ പെണ്‍കുട്ടിയുടെ സഹോദരിയുടെ സ്വര്‍ണാഭരണങ്ങള്‍ കാണാതായതായി വീട്ടുകാര്‍ മനസിലാക്കി. തുടർന്ന് നഗരൂര്‍ പൊലീസിനെ സമീപ്പിക്കുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് പെണ്‍കുട്ടി പീഡനത്തെക്കുറിച്ചും സ്വര്‍ണം പ്രതികള്‍ക്ക് കൈമാറിയതിനെക്കുറിച്ചും പൊലീസിനോട് പറഞ്ഞത്.
അന്വേഷണത്തിനായി റൂറല്‍ എസ്.പി ബി .അശോകന്റെ നിര്‍ദ്ദേശാനുസരണം ആറ്റിങ്ങല്‍ ഡിവൈ.എസ്.പി എസ്.വൈ സുരേഷിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷകസംഘം രൂപീകരിച്ചിരുന്നു. തുടർന്നാണ് അല്‍നാഫി മടവൂരില്‍ പിടിയിലായത്. ഇവരെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കും.
ബാക്കിയുള്ള പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. നഗരൂര്‍ എസ്.എച്ച്.ഒ എം സാഹില്‍, ഡിവൈ.എസ്.പി യുടെ പ്രത്യേക അന്വേഷണസംഘത്തിലെ എസ്.ഐ ഫിറോസ് ഖാന്‍, എ.എസ്. ഐമാരായ ബി. ദിലീപ്, ആര്‍. ബിജുകുമാര്‍, നഗരൂര്‍ സ്റ്റേഷനിലെ എ.എസ്.ഐമാരായ അനില്‍കുമാര്‍, സലിം, വനിതാ പൊലീസ് ഉദ്യോഗസ്ഥ അനുപമ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

