അനാസ്ഥമൂലം കോവിഡ് രോഗികൾക്ക് മരണമെന്ന് ഡോക്ടർ നജ്മ; അടിസ്ഥാനരഹിതം: മുഖ്യമന്ത്രി; ജനങ്ങൾ വിലയിരുത്തട്ടെ: കെ കെ ശൈലജ

കൊച്ചി: കൊവിഡ് രോഗികളുടെ മരണത്തിൽ കളമശേരി മെഡിക്കൽ കോളേജ് അധികൃതർ നൽകിയ വിശദീകരണം തളളി ഡോ. നജ്മ.

ഹാരിസ്, ബൈഹക്കി, ജമീല എന്നിവർ ചികിത്സയിലായിരുന്നപ്പോൾ താൻ ഡ്യൂട്ടിയിലുണ്ടെന്ന് ഡോ.നജ്മ വ്യക്തമാക്കി. ചികിത്സയിലെ അപാകതകളെക്കുറിച്ച് താൻ സൂപ്രണ്ടിനെയും ആർ‌എം‌ഒയെയും അറിയിച്ചിരുന്നുവെങ്കിലും അവർ പ്രതികരിച്ചില്ലെന്ന്, ഡോക്ടർ പറഞ്ഞു.

ഹാരിസ്, ബൈഹാക്കി, ജമീല എന്നിവരെ താൻ കണ്ടിട്ടുണ്ടെന്നും എന്നാൽ മരണ ദിവസം താൻ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ലെന്നും ഡോക്ടർ വ്യക്തമാക്കി.

“ജമീല മാസ്ക് ധരിച്ചിരുന്നെങ്കിലും വെന്റിലേറ്റർ ഓഫായിരുന്നു. രോഗി അസാധാരണമായ വേഗത്തിൽ ശ്വസിക്കുന്നത് ഞാൻ കേട്ടു, വെന്റിലേറ്റർ ഓഫാണെന്ന് അപ്പൊഴാണ് ശ്രദ്ധിച്ചത്. ഞാൻ വെന്റിലേറ്റർ സ്വയം ഓൺ ചെയ്ത് നഴ്സിനോട് കാര്യം വിശദീകരിച്ചു” ബൈഹാക്കിയുടെ കാര്യത്തിൽ, വെന്റിലേറ്റർ കൊണ്ടുവരാൻ കാലതാമസമുണ്ടായെന്നും ഡോ. നജ്മ പറഞ്ഞു.

“ഞാൻ നേരത്തെ രേഖാമൂലം പരാതി നൽകിയിട്ടില്ല. എല്ലാ പരാതികളും പറയുകയായിരുന്നു. ഒക്ടോബർ 19 ന് അതിരാവിലെ അശ്രദ്ധ ചൂണ്ടിക്കാട്ടി ഞാൻ ആർ‌എം‌ഒയ്ക്കും സൂപ്രണ്ടിനും ശബ്ദ സന്ദേശം അയച്ചിരുന്നു. ഹൈബി ഈഡൻ എംപിയുടെ കത്ത് ശ്രദ്ധിച്ചതിന് ശേഷമായിരുന്നു ഇത്. എന്നാൽ ഒരു അന്വേഷണവും ഉണ്ടായില്ല.” ഡോ. നജ്മ പറഞ്ഞു.

ആരോപണം ഉന്നയിച്ച ഡോക്ടർ നജ്മ മരിച്ച രോഗികളെ കണ്ടിട്ടില്ലെന്നായിരുന്നു മെഡിക്കൽ കോളജ് അധികൃതരുടെ വാദം. ഡോക്ടറുടെ ആരോപണം സംശയാസ്പദമാണെന്ന് മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ആരോപിച്ചിരുന്നു.

എന്നാൽ മെഡിക്കൽ കോളജിലെ പിഴവുകൾ സംബന്ധിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സർക്കാരിനെ ആക്ഷേപിക്കാൻ തക്കം പാർത്ത് നിൽക്കുന്നവർ പോലും ഈ ആരോപണം ശരിയല്ലെന്നു വ്യക്തമാക്കി. തെറ്റായ ആരോപണങ്ങൾ കൂടുതൽ പ്രചരിപ്പിക്കാൻ ചിലർ പിന്നീട് രംഗത്തു വന്നു. കാര്യങ്ങളാകെ തകിടം മറിഞ്ഞിരിക്കുന്നു എന്ന് പ്രചരിപ്പിക്കാനാണ് ചിലരുടെ നീക്കം. മുഖ്യമന്ത്രി പറഞ്ഞു.

ഡോ. നജ്മ ചെയ്തതിലെ തെറ്റും ശരിയും ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നായിരുന്നു ആരോ​ഗ്യമന്ത്രി കെ.കെ ശൈലജയുടെ പ്രതികരണം. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രതിപക്ഷം ആരോ​ഗ്യവകുപ്പിനെതിരെ മനപൂർവ്വം ആരോപണം ഉന്നയിക്കുകയാണെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →