ദുബൈ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ്. ടോസ് നേടി ആദ്യം ബാറ്റുചെയ്ത കൊല്‍ക്കത്തയെ ബാംഗ്ലൂര്‍ 20 ഓവറില്‍ എട്ടിന് 84 എന്ന നിസ്സാര സ്കോറിൽ എറിഞ്ഞു വീഴ്ത്തി. തുടര്‍ന്ന് 39 പന്തും എട്ടു വിക്കറ്റും ശേഷിക്കെ ബാംഗ്ലൂർ അനായാസം ലക്ഷ്യത്തിലെത്തി.
ദേവ്ദത്ത് പടിക്കല്‍ 25 റണ്‍സെടുത്തു. ആരോണ്‍ ഫിഞ്ച് 16 റണ്‍സെടുത്ത് പുറത്തായി.നായകന്‍ വിരാട് കോഹ്ലി 18 റണ്‍സോടെയും ഗുരുകീരത് സിങ് 21 റണ്‍സോടെയും പുറത്താകാതെ നിന്നു. എട്ട് റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത മുഹമ്മദ് സിറാജാണ് ബാംഗ്ലൂരിന്‍റെ വിജയശില്‍പി.
കൊല്‍ക്കത്ത ഇന്നിംഗ്സില്‍ നാലുപേര്‍ മാത്രാണ് രണ്ടക്കം കണ്ടത്. 30 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഇയന്‍ മോര്‍ഗനാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍. 1.9 റണ്‍സെടുത്ത ഫെര്‍ഗൂസണ്‍ പുറത്താകാതെ നിന്നു. ഇന്ന് ടീമിലേക്ക് എത്തിയ മുഹമ്മദ് സിറാജിന്‍റെ തകര്‍പ്പന്‍ ബൌളിങാണ് കൊല്‍ക്കത്തയെ തകര്‍ത്തത്. നാലോവറില്‍ എട്ട് റണ്‍സ് മാത്രം വഴങ്ങി സിറാജ് മൂന്നു വിക്കറ്റെടുത്തു. നാലോവറില്‍ രണ്ടെണ്ണം മെയ്ഡനുമായിരുന്നു. ബാംഗ്ലൂരിനുവേണ്ടി യുസ്വേന്ദ്ര ചഹല്‍ രണ്ടു വിക്കറ്റെടുത്തു.
ഈ വിജയത്തോടെ ഐപിഎല്‍ പോയിന്‍റ് ടേബിളില്‍ ബാംഗ്ലൂര്‍ രണ്ടാം സ്ഥാനത്തെത്തി. തോല്‍വിയോടെ കൊല്‍ക്കത്ത നാലാം സ്ഥാനത്തുതന്നെ തുടരുകയാണ്.