ന്യൂഡൽഹി: കോവിഡ് വ്യാപനത്തിൽ ഇന്ത്യ ആശ്വാസകരമായ നിലയിലേക്ക് മടങ്ങുന്നതായി സൂചന. പ്രതിദിന രോഗികളുടെ എണ്ണത്തിൽ അമേരിക്കയെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യ രണ്ടു മാസത്തിനു ശേഷം രണ്ടാം സ്ഥാനത്തേക്ക് തിരിച്ചിറങ്ങിക്കഴിഞ്ഞു. 71 ദിവസത്തിനു ശേഷമാണ് പ്രതിദിന രോഗബാധയിൽ ഇന്ത്യ അമേരിക്കയ്ക്ക് പിന്നിലേക്ക് ഇറങ്ങിയത്.
ഈ നിലയിൽ പോയാൽ 2021 ഫെബ്രുവരി അവസാനത്തോടെ രാജ്യത്തെ കോവിഡ് വ്യാപനം പിടിച്ചു നിർത്താനായേക്കും എന്നാണ് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ വിലയിരുത്തൽ. ‘പീക്ക് സ്റ്റേജിൽ ‘ നിന്ന് വ്യാപന നിരക്ക് കുറഞ്ഞു തുടങ്ങിയെന്നും സമിതി കണക്കാക്കുന്നു.
7,95,087 പേരാണ് രാജ്യത്ത് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ആകെ രോഗികളുടെ എണ്ണത്തിന്റെ 10.70 ശതമാനം മാത്രമാണിത്. ഇതിനു മുന്‍പ് സെപ്റ്റംബര്‍ ഒന്നിനാണ് ആകെ രോഗികളുടെ എണ്ണം എട്ടു ലക്ഷത്തില്‍ താഴെ ( 7,85,996 ) എത്തിയിരുന്നത്.
ഇന്ത്യയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 65 ലക്ഷം( 65,24,595) പിന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 70,816 പേരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്. രോഗമുക്തി നിരക്ക് 87.78 ശതമാനമായി ഉയര്‍ന്നു. 1.52 ശതമാനമാണ് ഇന്ത്യയിലെ മരണ നിരക്ക്.

