തൂങ്ങിമരിച്ച തടവുകാരൻ്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത് പോസ്റ്റ് മോർട്ടം സമയത്ത് വയറ് കീറി നോക്കിയപ്പോൾ

മുംബൈ: ജയിൽ അധികൃതരുടെ പീഡനങ്ങൾ എണ്ണിപ്പറഞ്ഞ രണ്ട് പേജുള്ള ആത്മഹത്യാക്കുറിപ്പും വിഴുങ്ങി തടവുകാരൻ ആത്മഹത്യ ചെയ്തു. മുബൈ നാസിക് സെൻട്രൽ ജയിലിലാണ് സംഭവം നടന്നത്. ഒക്ടോബർ 7 നാണ് ജയിലിലെ സെല്ലിൽ അസ്ഗർ മൻസൂരി എന്ന 32 കാരനായ തടവുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് സർക്കാർ ആശുപത്രിയിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിനിടെ ഇയാളുടെ വയറ്റില്‍ പ്ലാസ്റ്റിക് പേപ്പറിൽ പൊതിഞ്ഞ നിലയിൽ രണ്ട് പേജ് വരുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തുകയായിരുന്നു. ജയിൽ അധികൃതർക്കും ജീവനക്കാർക്കുമെതിരെ ഗുരുതരമായ നിരവധി ആരോപണങ്ങൾ ഉന്നയിക്കുന്നതായിരുന്നു ഈ കുറിപ്പ്. ആത്മഹത്യാക്കുറിപ്പിൻ്റെ അടിസ്ഥാനത്തിൽ മഹാരാഷ്ട്രാ അഡീഷണൽ ജയിൽ ഡി ജി പി ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാൽ , തൂങ്ങിമരിച്ച അസ്ഗർ മൻസൂരിക്ക് എഴുതാനോ വായിക്കാനോ അറിയില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ആത്മഹത്യാക്കുറിപ്പ് എഴുതി നൽകിയതാരാണെന്ന അന്വേഷണവും പൊലീസ് ആരംഭിച്ചിട്ടുണ്ട്. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട മൻസൂരി ജയിലിൽ ഇതിനോടകം 14 വർഷം പൂർത്തിയാക്കിയിരുന്നു.

പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത മൻസൂരിയുടെ ബന്ധുവായ ഒരു യുവതി ഇങ്ങനെ പറഞ്ഞു: “അവൻ എല്ലായ്പോഴും ചിരിക്കും, ഞങ്ങളോടൊപ്പം വീഡിയോ കോളുകളിൽ തമാശ പറയും, ഏതാനും ആഴ്ചകൾക്ക് മുമ്പുള്ള അവസാന കോളിൽ, തനിക്ക് ഇനി ജീവിക്കാൻ തോന്നുന്നില്ലെന്ന് അവൻ പെട്ടെന്ന് പറഞ്ഞു. എന്തുകൊണ്ടെന്ന് ഞങ്ങൾ ചോദിച്ചപ്പോൾ അവൻ വിഷയം മാറ്റി. ”

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →