ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഈ വര്‍ഷം 10.3 ശതമാനം ചുരുങ്ങുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്).കഴിഞ്ഞയാഴ്ച ലോകബാങ്ക് ഇന്ത്യയുടെ ജിഡിപി 9.6 ശതമാനം ചുരുങ്ങുമെന്ന് പ്രവചിച്ചതിന്റെ പിന്നാലെയാണ് ഐഎംഎഫിന്റെ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.ഇന്ത്യയില്‍ സ്ഥിതി മുമ്പത്തേക്കാള്‍ വളരെ മോശമാണ്.എന്നാല്‍ 2021 ല്‍ 8.8 ശതമാനമെന്ന മികച്ച വളര്‍ച്ചാ നിരക്കിനൊപ്പം ഇന്ത്യ വന്‍ തിരിച്ചുവരവ് നടത്തുമെന്നും ചൈനയുടെ പ്രതീക്ഷിക്കുന്ന വളര്‍ച്ചാ നിരക്കായ 8.2 ശതമാനത്തെ മറികടക്കുകയും ചെയ്യുമെന്നും ഐഎംഎഫ് വ്യക്തമാക്കി. ആഗോളതലത്തില്‍ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥകളില്‍ ഇന്ത്യയായിരിക്കും മുന്നിലെന്നും രാജ്യാന്തര നാണ്യനിധി വിലയിരുത്തുന്നു.
ഐഎംഎഫിന്റെയും ലോകബാങ്കിന്റെയും വാര്‍ഷിക യോഗങ്ങള്‍ക്ക് മുന്നോടിയായി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ആഗോള വളര്‍ച്ച ഈ വര്‍ഷം 4.4 ശതമാനം ചുരുങ്ങുമെന്നും, 2021 ല്‍ ഇത് 5.2 ശതമാനമായി ഉയരുമെന്നും കണക്കാക്കുന്നു.ഈ വര്‍ഷം രണ്ടാം പാദത്തില്‍ ജിഡിപിയില്‍ 25 ശതമാനം ഇടിവ് ഉണ്ടായി. (അതായത് ഇന്ത്യയിലെ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദം). വൈറസ് പടരുന്നതും അതിനെ നിയന്ത്രിക്കാന്‍ വേണ്ടി സ്വീകരിക്കുന്ന നടപടികളും ഇന്ത്യയിലെ വിതരണ, ഡിമാന്‍ഡ് അവസ്ഥകളെ സാരമായി ബാധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ ലോക ബാങ്ക് പറയുന്നു.

