തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി കണ്ടിരുന്നു എന്ന ആരോപണത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോൺസൽ ജനറൽ പലതവണ തന്നെ കാണാൻ വന്നിട്ടുണ്ട്. അപ്പോഴെല്ലാം അവരുടെ കൂടെ സ്വപ്നയും ഉണ്ടായിരുന്നുവെന്നാണ് തന്റെ ഓർമയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
“യു എ ഇ കോൺസുലേറ്റും സർക്കാരും തമ്മിലുള്ള എല്ലാ കാര്യങ്ങൾക്കും ശിവശങ്കരനെ ബന്ധപ്പെടാൻ ചുമതലപ്പെടുത്തിയതായി ഓർക്കുന്നില്ല. പക്ഷേ തന്റെ ഓഫീസിൽ ആരെ ബന്ധപ്പെടണം എന്ന ചോദ്യത്തിന് സ്വാഭാവികമായും അന്നത്തെ പ്രിൻസിപ്പൽ സെക്രട്ടറി എന്ന നിലയിൽ ശിവശങ്കരനെ ബന്ധപ്പെടാനാകും പറഞ്ഞിരിക്കുക” മുഖ്യമന്ത്രി പറഞ്ഞു.
മൂന്നു നാലു കൊല്ലത്തിനിടെ പല ചടങ്ങുകളും കോൺസുലേറ്റുമായി ബന്ധപ്പെട്ട് നടന്നിട്ടില്ലേ, അതിന്റെയൊക്കെ ഭാഗമായി കോൺസൽ ജനറലും ഈ പറയുന്ന സ്ത്രീയും തന്നെ വന്നു കണ്ടിട്ടുണ്ട്. മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.