കൊച്ചി: കാലത്തിനപ്പുറം സഞ്ചരിക്കുന്ന ചില സിനിമകൾ ഉണ്ട് . അത്തരത്തിൽ എന്നെന്നും പ്രേക്ഷകരുടെ മനസ്സിൽ തങ്ങി നിൽക്കുന്ന ചിത്രമാണ് ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ നാടോടിക്കാറ്റ്. മോഹൻലാലും ശ്രീനിവാസനും ദാസനും വിജയനുമായി എത്തിയ ചിത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. തൊഴിലില്ലായ്മയേയും ദാരിദ്ര്യത്തെയും അതിഗംഭീരമായ തിരക്കഥയിലൂടെയും നർമ്മത്തിലൂടേയും ആവിഷ്കരിച്ചതാണ് നാടോടിക്കാറ്റ് എന്ന ചിത്രത്തിന് വൻ വിജയം സമ്മാനിച്ചത്.
പിന്നീട് ഈ ചിത്രത്തിന്റെ രണ്ടും മൂന്നും ഭാഗങ്ങളും പുറത്തിറങ്ങിയിരുന്നു. സത്യൻ അന്തിക്കാട് തന്നെ സംവിധാനം ചെയ്ത പട്ടണപ്രവേശം, പ്രിയദർശൻ സംവിധാനം ചെയ്ത അക്കരെയക്കരെയക്കരെ എന്നിവയാണ് മറ്റ് ചിത്രങ്ങൾ. നാടോടിക്കാറ്റ് വിജയമാകുമെന്ന് എല്ലാവരും വിധിയെഴുതിയപ്പോൾ ഒരു നടന് മാത്രം എതിരഭിപ്രയാമായിരുന്നെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. സ്റ്റാർ ആന്റ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിലാണ് ഇതിനെ കുറിച്ച് സംവിധായകൻ വെളിപ്പെടുത്തിയത്.
‘ഞാന്‍ സംവിധാനം ചെയ്ത ‘നാടോടിക്കാറ്റ്’ ഹിറ്റാകുമെന്ന് പ്രിവ്യു കണ്ട എല്ലാവരും പറഞ്ഞു. ഒരേയൊരു നടന്‍ ഒഴിച്ച്. അത് ആരാണ് എന്ന് ചോദിച്ചാല്‍ ആ സിനിമയില്‍ അഭിനേതാവായും, രചയിതാവായും നെടുംതൂണായി നിന്ന ശ്രീനിവാസന്‍ തന്നെയാണ്. ‘നാടോടിക്കാറ്റ്’ നാലും അഞ്ചും തവണ കണ്ട ശേഷമാണ് ശ്രീനിവാസന്‍ അങ്ങനെയൊരു അഭിപ്രായം പറഞ്ഞത്. ‘എനിക്ക് തോന്നുന്നില്ല ഇത് കണ്ടിട്ട് ആളുകള്‍ ചിരിക്കുമെന്നു. ഈ സിനിമ രക്ഷപ്പെടാന്‍ പ്രയാസമാണെന്നായിരുന്നു’, ശ്രീനിയുടെ കമന്റ്.
അപ്പോൾ തന്നെ ഞാൻ ശ്രീനിവാസന് മറുപടി നൽകി. നമ്മള്‍ ഇപ്പോള്‍ തന്നെ ഇത് നാലും അഞ്ചും തവണ കണ്ടു കഴിഞ്ഞു. അതിന്റെ പ്രശ്നമാണ്. ‘നാടോടിക്കാറ്റ്’ സിനിമ ഇറക്കുന്നത് അവര്‍ക്ക് ഒരു തവണ കാണാന്‍ വേണ്ടി മാത്രമാണ്. അങ്ങനെയുള്ള പ്രേക്ഷകര്‍ക്ക് ഇത് ഇഷ്ടമായികൊള്ളും’. എന്റെ മറുപടി കേട്ട് ശ്രീനിവാസന്‍ പൊട്ടിച്ചിരിക്കുകയായിരുന്നു. എന്റെ ഉള്ളില്‍ പേടി ഉണ്ടെങ്കിലും ഞാന്‍ ശ്രീനിക്ക് ധൈര്യം പകര്‍ന്നു കൊടുക്കുകയായിരുന്നു.
എന്റെ ഉള്ളിൽ തീ കോരിയിട്ടതിന് ശേഷം ശ്രീനി നാട്ടിലേയ്ക്ക് പോയി. പേടികാരണം റിലീസ് സമയം എനിക്ക് നാട്ടില്‍ പോകാന്‍ തോന്നിയില്ല. സെഞ്ച്വറിയുടെ ഓഫീസിലാണ് താമസം. റിലീസ് ദിവസം മാറ്റിനി കഴിഞ്ഞു. നാട്ടില്‍നിന്ന് സിനിമാവിശേഷങ്ങളൊന്നും വന്നില്ല. ഫസ്റ്റ് ഷോ കഴിയാന്‍നേരം ഓഫീസില്‍ നിന്നിറങ്ങി എങ്ങാട്ടെന്നില്ലാതെ ഒരു മണിക്കൂര്‍നേരം നടന്നു. തിരിച്ച് ഓഫീസില്‍ എത്തിയപ്പോള്‍ കൊച്ചുമോന്‍ എന്നെ കാത്തിരിക്കുന്നു. പ്രേക്ഷകര്‍ പൊട്ടിച്ചിരിയോടെ ഏറ്റുവാങ്ങിയ നാടോടിക്കാറ്റ് വൻ വിജയമായ വാര്‍ത്ത അപ്പോഴാണ് ഞാന്‍ അറിഞ്ഞത്.
പിറ്റേന്ന് രാവിലത്തെ വിമാനത്തില്‍ ഞാന്‍ കൊച്ചിയിലെത്തി, എയര്‍പോര്‍ട്ടില്‍നിന്ന് നേരെ ഷേണായിസ് തിയേറ്ററിലേക്ക് കുതിച്ചു. പവര്‍കട്ട് കാരണം തിയേറ്ററില്‍ ചുട്ടുപൊള്ളുന്ന ചൂടായിരുന്നു. കാണികള്‍ ആ ചൂട് വകവെക്കാതെ ഷര്‍ട്ട് ഊരിവീശി ചിത്രത്തിലെ തമാശകള്‍ കണ്ട് പൊട്ടിച്ചിരിച്ച് കൈയടിക്കുന്നത് കണ്ടു. അപ്പോഴാണ് നാടോടിക്കാറ്റ് കണ്ട് ഞാന്‍ ആദ്യമായി മനസ്സറിഞ്ഞ് ചിരിച്ചത്- സത്യൻ അന്തിക്കാട് പറയുന്നു. ദാസന്റേയും വിജയന്റേയും കഥയാണ് നാടോടിക്കാറ്റ്. മോഹൻലാലിനേയും ശ്രീനിവാസനേയും കൂടാതെ വൻ താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്. ശോഭനയായിരുന്നു ചിത്രത്തിലെ നായിക.
ചിത്രത്തിലെ മറ്റൊരു രസകരമായ കഥാപാത്രമായിരുന്നു തിലകൻ്റ അനന്ദൻ നമ്പ്യാർ എന്ന കഥാപാത്രം. ഇന്നസെന്റ് , ജനാർദ്ദനൻ,ക്യാപ്റ്റൻ രാജു .മാമുക്കോയ എന്നിവരായിരുന്നു മറ്റ് താരങ്ങൾ. കൂടാതെ സീമയും, ഐവി ശശിയും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയിരുന്നു. 17 ലക്ഷം രൂപ മുടക്കി നിർമ്മിച്ച ചിത്രം നൂറ് ദിവസം തിയേറ്ററുകളിൽ പ്രദർശിപ്പിച്ചിരുന്നു.