കട്ടപ്പന: പശുവിനെ വാങ്ങിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് രണ്ടിടങ്ങളില്‍ വീട് കയറിഅക്രമണം. കട്ടപ്പന വെളളയാംകുടിയില്‍ ഒരു സംഘം ആളുകള്‍ നടത്തിയ അക്രമണത്തില്‍ മുട്ടുമണ്ണില്‍ സാബുവിന്‍റെ ഭാര്യ ആന്‍സി (49) ക്ക് പരിക്കേറ്റു. രണ്ട് സംഘര്‍ഷങ്ങളിലുമായി വളളക്കടവ് കരിമ്പാനിപ്പടി സ്വദേശി സജിയിടെ മകന്‍ അച്ചു, കണ്ടാലറിയാവുന്ന മറ്റ് മൂന്നുപേര്‍ എന്നിവര്‍ക്കെതിരെ കട്ടപ്പന പോലീസ് കേസെടുത്തു.
മാസങ്ങള്‍ക്കുമുമ്പ് സജിയുടെ പക്കല്‍ നിന്ന് സാബു പശുവിനെ വാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഘര്‍ഷങ്ങളില്‍ കലാശിച്ചത്. ശനിയാഴ്ച വൈകിട്ടോടെ സാബു ഉള്‍പ്പടുന്ന സംഘം വീട്ടിലെത്തി അക്രമം നടത്തിയതായി സജി നല്‍കിയ പരാതിയില്‍ പറയുന്നു.
ഇതിനുപിന്നാലെ രാത്രി എട്ടരയോടെ ഒരുസംഘം ആളുകള്‍ വെളളയാംകുടി ലക്ഷംവീട് കോളനിയിലെ സാബുവിന്‍റെ വീട്ടിലെത്തി. സാബുവിന്‍റെ ഭാര്യ ആന്‍സിയും ഇളയ മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അക്രമിസംഘം ആന്‍സിയെ കയ്യേറ്റം ചെയ്യുകയും വീട്ടുപരണങ്ങളും മുറ്റത്ത് നിര്‍ത്തിയട്ടിരുന്ന വാഹനവും തല്ലിത്തകര്‍ത്തു. വീട്ടമ്മയുടെ കഴുത്തിലുണ്ടായിരുന്ന മാലയും അപഹരിച്ചതായി പരാതിയില്‍ പറയുന്നു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയതോടെ അക്രമിസംഘം രക്ഷപെട്ടു. ആന്‍സി കട്ടപ്പനയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്.

