ഷാർജ: അവസാന പന്തു വരെ ആവേശം നിറഞ്ഞു നിന്ന മൽസരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു വിജയം. കിങ്സ് ഇലവന് പഞ്ചാബിനെതിരെ 2 റണ്ണുകൾക്ക് കൊല്‍ക്കത്ത നൈറ്റ് റൈസേഴ്സ് ജയിച്ചു. മത്സരത്തില്‍ കൊല്‍ക്കത്ത ഉയര്‍ത്തിയ 165 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ട്ടത്തില്‍ 162 റണ്‍സ് നേടാൻ മാത്രമേ സാധിച്ചുള്ളൂ.
58 പന്തില്‍ 78 റണ്‍സ് നേടിയ കെ എല്‍ രാഹുലും, 39 പന്തില്‍ 56 റണ്‍സ് നേടിയ മായങ്ക് അഗര്‍വാളും ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവച്ചെങ്കിലും പഞ്ചാബിനെ വിജയത്തിലെത്തിക്കാന്‍ അവർക്കു സാധിച്ചില്ല. ഒരു ഘട്ടത്തില്‍ 144/1 ശക്തമായ നിലയില്‍ നിന്നാണ് പഞ്ചാബ് മത്സരം കൈവിട്ടത്. അവസാന പന്തുകൾ വരെ പഞ്ചാബ് വിജയിക്കുമെന്ന പ്രതീക്ഷ നിലനിർത്തി. അവസാന പന്തിൽ ഒരു സിക്സറടിച്ചാൽ കളി സമനിലയായേനേ , മാക്സ്വെൽ ഉയർത്തിയടിച്ചു, ബൗണ്ടറി ലൈനിൻ്റെ ഒരൊറ്റ ഇഞ്ച് ഇപ്പുറത്ത് പന്ത് നിലം തൊട്ടു. അമ്പയർ ഫോറും വിധിച്ചു.
കൊല്‍ക്കത്തയ്ക്ക് വേണ്ടി പ്രസീദ് കൃഷ്ണ മൂന്ന് വിക്കറ്റും സുനില്‍ നരെയ്ന് 2 വിക്കറ്റും നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തയെ 29 പന്തില്‍ 58 റണ്‍സ് നേടിയ ദിനേശ് കാര്‍ത്തിക്കും, 47 പന്തില്‍ 57 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലുമാണ് ഭേദപ്പെട്ട സ്കോറില്‍ എത്തിച്ചത്.

