പഞ്ചാബിലെ കർഷക പ്രതിഷേധം, ഇന്ത്യൻ റയിൽവേയ്ക്ക് ഇതുവരെ നഷ്ടം 200 കോടി രൂപ

ചണ്ഡീഗഡ്: കാർഷിക നിയമങ്ങൾക്കെതിരെ കർഷകരുടെ അനിശ്ചിതകാല പ്രതിഷേധം തുടരുന്ന പഞ്ചാബിൽ, ടോൾ പ്ലാസ, റെയിൽ‌വേ ജംഗ്ഷനുകൾ, ഇന്ധന സ്റ്റേഷനുകൾ എന്നിവിടങ്ങളിലെ വരുമാനനഷ്ടം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്. പ്രതിഷേധം ഇതിനകം റെയിൽ‌വേയ്ക്ക് 200 കോടി രൂപയുടെ വരുമാനനഷ്ടം വരുത്തിയതായാണ് ഇന്ത്യൻ റെയിൽ‌വേയുടെ ഫിറോസ്പൂർ ഡിവിഷനിൽ നിന്നുള്ള റിപ്പോർടുകൾ പറയുന്നത്. . ഒക്ടോബർ 7 വരെ 55 ലക്ഷം രൂപയാണ് റീഫണ്ട് ഇനത്തിൽ യാത്രക്കാർക്ക് നൽകിയത്.

കർഷക പ്രക്ഷോഭം ദേശീയ പാതാ അതോറിറ്റിക്കും വലിയ നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. സംസ്ഥാനത്തെ വിവിധ ടോൾ പ്ലാസകൾ കർഷകർ തടഞ്ഞതു മൂലം ഒക്ടോബർ 8 വരെ പഞ്ചാബിൽ ദേശീയ പാതാ അതോറിറ്റിക്ക് 7.5 കോടി രൂപയുടെ നഷ്ടം സംഭവിച്ചു. ടോൾ പ്ലാസകൾ തടഞ്ഞത് ഹരിയാനയിലും ദേശീയപാതാ അതോറിറ്റിക്ക് 3.5 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയിട്ടുണ്ട്. ഒക്ടോബർ 1 മുതൽ ദേശീയപാതാ അതോറിറ്റിയുടെ മൊത്തം നഷ്ടം ഇരു സംസ്ഥാനങ്ങളിലെയും കൂടി 11 കോടി രൂപയാണ്.

പഞ്ചാബിലെ 33 വ്യത്യസ്ത സ്ഥലങ്ങളിൽ കർഷകർ റെയിൽ പാത തടഞ്ഞിരിക്കുകയാണ്.
സെപ്റ്റംബർ 24 ന് സമരം ആരംഭിക്കുന്നതിന് മുമ്പ് ദിനംപ്രതി 28 ഓളം ചരക്ക് ട്രെയിനുകളും 14 യാത്രാ ട്രെയിനുകളും പഞ്ചാബിലൂടെ ഓടിയിരുന്നതായാണ് നോർത്തേൺ റെയിൽവേ പറയുന്നത്.

മുഴുവൻ പഞ്ചാബിന്റെയും മേൽനോട്ടം വഹിക്കുന്ന ഫിറോസ്പൂർ ഡിവിഷൻ സംസ്ഥാനത്ത് നിന്ന് പ്രതിദിനം 14 കോടി രൂപ വരുമാനം സ്വരൂപിക്കുന്നുണ്ടായിരുന്നു. ഇവിടെ നിന്നാണ് ഭക്ഷ്യധാന്യങ്ങൾ വൻതോതിൽ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയിരുന്നത്. 650 ചരക്ക് ട്രെയിനുകൾ സെപ്റ്റംബർ 23 വരെ പഞ്ചാബിൽ നിന്ന് പുറത്തേക്ക് പോയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →