ന്യൂഡൽഹി: പ്രധാന നാഗാ വിഘടനവാദി ഗ്രൂപ്പായ നാഷണൽ സോഷ്യലിസ്റ്റ് കൗൺസിലിൽ(ഐ എം) ൻ്റെ സമ്മർദ്ധത്തിന് വഴങ്ങേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ. മറ്റെല്ലാ സായുധ വിമത ഗ്രൂപ്പുകളും സിവിൽ സൊസൈറ്റി സംഘടനകളും സമാധാന ഉടമ്പടിയിൽ ഒപ്പുവയ്ക്കാൻ സന്നദ്ധരായിട്ടുണ്ടെന്നും എൻ എസ് സി എൻ (ഐ എം) മുന്നോട്ടു വയ്ക്കുന്ന പ്രത്യേക പതാകയും ഭരണഘടനയുമടക്കമുള്ള ആവശ്യങ്ങൾ പരിഗണിക്കാനാകില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു.
‘പന്ത് ഇപ്പോൾ എൻഎസ്‌സിഎൻ (ഐഎം) ൻ്റെ കോർടിലാണ് ഒപ്പിടണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അവരാണ് ‘ കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ പറയുന്നു.
എല്ലാ വിഷയങ്ങളിലും നാഗ വിമത ഗ്രൂപ്പുകളുമായുള്ള ചർച്ചകൾ അവസാനിച്ചതായി വെളിപ്പെടുത്തിയ ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ, സമാധാന കരാർ ഒപ്പിടുന്നതിന് സമവായം ഉണ്ടാക്കിയതായും കരട് കരാർ അന്തിമമാക്കിയതായും അറിയിച്ചു.
നാഗാ ചർച്ചകൾക്കുള്ള പ്രധാനമന്ത്രിയുടെ സ്ഥാനപതിയും നാഗാലാൻഡ് ഗവർണറുമായ ആർ. രവി കരട് കരാറിന്റെ അന്തിമരൂപം നൽകാനായി ന്യൂഡൽഹിയിലാണുള്ളത്. എൻഎസ്‌സിഎൻ (ഐഎം) ൻ്റെ ജനറൽ സെക്രട്ടറി തി മുയിവയും ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥരും തമ്മിലുള്ള ചർച്ച 10 ദിവസം മുമ്പ് അവസാനിച്ചിരുന്നു.
എന്നാൽ ,നാഗ വിമത നേതാക്കളിൽ ഒരു വിഭാഗം ചർച്ചകൾ ഇപ്പോഴും നടക്കുന്നുണ്ടെന്ന ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും ആദ്യന്തര മന്ത്രാലയ വൃത്തങ്ങൾ പറയുന്നു.
എൻഎസ്‌സിഎൻ (ഐ-എം) 1994 മുതൽ അനൗദ്യോഗികമായി സർക്കാരുമായി ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ്, 1997 ൽ വെടിനിർത്തൽ കരാർ ഒപ്പിട്ടതിനു ശേഷം ഔദ്യോഗിക ചർച്ചകളും ആരംഭിച്ചു. ഇതിൻ്റെ തുടർച്ചയെന്നോണം പ്രശ്നത്തിന് അന്തിമ പരിഹാരം കാണുന്നതിനായി എൻഎസ്‌സിഎൻ (ഐ-എം) നേതാക്കളുമായി 2015 ഓഗസ്റ്റിൽ സർക്കാർ ഒരു ചട്ടക്കൂട് കരാറിലും ഒപ്പുവച്ചു. .