ഇഡിയുടെ കുറ്റപത്രത്തിൽ പ്രതികൾ സ്വപ്ന സുരേഷും സരിത്തും സന്ദീപും മാത്രം

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകളെ പറ്റിയുള്ള കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു.23 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. കള്ളപ്പണ ഇടപാട് നടത്തിയതിന് തെളിവുള്ളത് സ്വപ്‌ന സുരേഷ്, സരിത്, സന്ദീപ് എന്നിവർക്കെതിരെ മാത്രമാണ് എന്നാണ് കുറ്റപത്രത്തിലെ വിവരം. ഇവരെ പ്രതിചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. പ്രതികള്‍ക്കെതിരെ വിചാരണ തുടങ്ങാനും കുറ്റപത്രം ആവശ്യപ്പെടുന്നുണ്ട്.

കേസിൽ മന്ത്രി കെടി ജലീല്‍, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി എന്നിവരേയും നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇവരിൽ ആരും പ്രതിപ്പട്ടികയിൽ ഇല്ല.

സ്വപ്നയും സന്ദീപും സരിത്തും കേസിൽ ജാമ്യത്തിനായി ഹർജി സമർപ്പിച്ചിരുന്നു. മൂന്നു പേർക്കും ജാമ്യം ലഭിക്കുന്നത് തടയുന്നതിനാണ് ഇപ്പോള്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത് .

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ മൊത്തം ആറ് പ്രതികള്‍ ആണ് ഉള്ളത് എന്നാണ് വിവരം. മറ്റ് മൂന്ന് പ്രതികളെ കുറിച്ചുള്ള അന്വേഷണം തുടരുകയാണ് എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നത്.

കെടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് രണ്ട് തവണ ചോദ്യം ചെയ്തിരുന്നു. വിവര ശേഖരം മാത്രമാണ് നടന്നത് എന്നാണ് ജലീല്‍ ഇതേ കുറിച്ച്‌ വിശദീകരിക്കുന്നത്. ഇപ്പോള്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബിനീഷിന്റെ പേരും ഇല്ല.

ബിനീഷിന്റെ സ്വത്തുവകകള്‍ ക്രയവിക്രയം ചെയ്യുന്നത് മരവിപ്പിച്ചിട്ടുണ്ട്.
സ്വപ്‌ന സുരേഷുമായുള്ള അടുപ്പത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനേയും എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു. ശിവശങ്കറും ആദ്യ കുറ്റപത്രത്തിൽ ഇല്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →