ഹണിട്രാപ്പ് ഒരുക്കിയ സ്ത്രീയെ കണ്ടെത്താനായില്ല

കോട്ടയം: കോട്ടയം നഗരമദ്ധ്യത്തിലെ അപ്പാര്‍ട്ടുമെന്‍റില്‍ ഹണിട്രാപ്പ് ഒരുക്കി സ്വര്‍ണ്ണ വ്യാപാരിയെ എത്തിച്ച കേസിലെ സ്ത്രീയെ കണ്ടെത്താനായില്ല. അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. കേസിലെ പ്രധാന കണ്ണിയായ ഗുണ്ടാ നേതാവിനെ പിടികൂടാന്‍ കഴിഞ്ഞെങ്കിലേ സ്ത്രീ ഏതാണെന്ന വിവരവും ലഭ്യമാവുകയുളളു. കേസില്‍ അറസ്റ്റിലായ രണ്ടുപ്രതികളെ ചോദ്യം ചെയ്‌തെങ്കിലും കെണിയൊരുക്കാനെത്തിയ സ്ത്രീയെപ്പറ്റി കാര്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടയുടെ രണ്ടാം ഭാര്യക്ക് പെണ്‍കെണിയില്‍ പങ്കുണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ അവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തെങ്കിലും ഇവര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് വിവരം. നഗരത്തിലെ ചീട്ടുകളി ബ്ലേഡ് മാഫിയ സംഘത്തിന് ഹണിട്രാപ്പുമായി ബന്ധമുണ്ടെന്ന സംശയവും പോലീസിനുണ്ട് . ചീട്ടുകളി കളങ്ങളിലെത്തുന്ന ഉന്നതന്മാരെയും രാഷ്ട്രീയക്കാരെയും ബ്ലേഡുകാരെയും വ്യവസായികളേയും ആണ് സംഘം കെണിയില്‍ പെടുത്തിയിരുന്നത്. ഇത്തരത്തില്‍ നിരവധിയാളുകള്‍ കെണിയില്‍ പെട്ടിരുന്നതായും പോലീസ് സംശയിക്കുന്നു.

ഇതുവരെ 12 ഓളം ആളുകള്‍ കെണിയില്‍ കുടുങ്ങിയതായാണ് സൂചന. രണ്ടുമുതല്‍ 5 ലക്ഷം രൂപ വരെ ഓരോരുത്തര്‍ക്കും നഷ്ടമായിട്ടുണ്ട്. ഇതിന്‍റെ പിന്നില്‍ ആരാണ് എന്നാണ് പോലീസിനെ കുഴയ്ക്കുന്ന പ്രശ്‌നം. നിലവിലെ സാഹചര്യത്തില്‍ വിശദമായ അന്വേഷണം വേണ്ടിവരും. ഹണിട്രാപ്പ് സംഘത്തിന് പെണ്‍വാണിഭവുമായി ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്നം സ്ത്രീകളെ എത്തിച്ചാണ് ഈ സംഘം കെണിയൊരുക്കുന്നതെന്ന സംശയമാണ് ഉയരുന്നത്. നിലവില്‍ കേസില്‍ പിടികൂടാനുളള പ്രതികളെല്ലാവരും കഞ്ചാവ് ബ്ലേഡ് മാഫിയാ സംഘങ്ങളാണ്. ഇവര്‍ക്കുവേണ്ടി ഉന്നതന്മാരടക്കം ഇടപെടുന്നുവെന്നാണ് സൂചന. പ്രതികളെ കുടുക്കാന്‍ പോലീസ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →