കൊച്ചി : പെരിയ ഇരട്ടക്കൊലപാതക കേസിൽ ഡി ജി പിയ്ക്കെതിരായ കോടതിയലക്ഷ്യഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കളാണ് ഹർജിക്കാർ. കേസ് സി ബി ഐയ്ക്ക് കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടും കേസ് ഡയറിയോ മറ്റ് രേഖകളോ അന്വേഷണ സംഘം കൈമാറിയിട്ടില്ലെന്നു കാണിച്ചാണ് മാതാപിതാക്കൾ കോടതിയലക്ഷ്യ ഹർജി നൽകിയത്.
ഹർജി ഫയലിൽ സ്വീകരിച്ചു എങ്കിലും ഹൈക്കോടതി വിധിക്ക് എതിരായ സർക്കാർ അപ്പീൽ സുപ്രീം കോടതിയുടെ പരിഗണനയിൽ ഉള്ളതിനാൽ ഹർജി പിന്നീട് പരിഗണിക്കാമെന്ന് കോടതി വാക്കാൽ അറിയിക്കുകയും ചെയ്തു. തുടർന്ന് ഹർജി പരിഗണിക്കുന്നത് ഒക്ടോബർ 30 ലേക്ക് മാറ്റി. ഈ മാസം 26 നാണ് സുപ്രീം കോടതി സംസ്ഥാന സർക്കാരിൻ്റെ അപ്പീൽ പരിഗണിക്കാനിരിക്കുന്നത്.
ചീഫ് ജസ്റ്റിസ് എസ്. മണികുമാർ അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിച്ചത്. അതേസമയം കേസ് ഡയറി നൽകിയില്ലെങ്കിൽ പിടിച്ചു വാങ്ങുമെന്ന് കാണിച്ച് സി ബി ഐ സിആർപിസി 91-ാം വകുപ്പ് പ്രകാരം ക്രൈംബ്രാഞ്ചിന് നോട്ടീസ് അയച്ചിട്ടുണ്ട്.