തിരുവനന്തപുരം: ഉത്തര്‍പ്രദേശില്‍ ബലാത്സംഗത്തിന് ഇരയായി മരണപ്പെട്ട പെൺകുട്ടിയുടെ ശരീരം പോലീസുകാർ കത്തിച്ചു കളഞ്ഞ സംഭവത്തിൽ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പോലീസ് കൈയേറ്റം ചെയ്തത് ജനാധിപത്യ വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രാഹുല്‍ ഗാന്ധിക്ക് ഹത്രാസിലേക്ക് പോകാന്‍ എല്ലാ ജനാധിപത്യ അവകാശങ്ങളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനാപരമായ സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യുന്ന നീക്കം ആത്യന്തികമായി ജനാധിപത്യത്തിന് വിരുദ്ധമാണ്. ഇത് ജനാധിപത്യ സമൂഹത്തിന് അനുവദിച്ചു കൊടുക്കാനാവില്ല. പ്രതിഷേധാര്‍ഹവും അപലപനീയവുമാണ് രാഹുല്‍ ഗാന്ധിയെ വിലക്കിയതും കൈയേറ്റം ചെയ്തതുമെന്നും പിണറായി വിജയന് വിമർശിച്ചു.

