കൊല്ലം: സമുദ്രോത്പ്പന്ന ഭക്ഷ്യ നിര്‍മ്മാണ കമ്പനിയുടെ 50 കോടി രൂപയോളം വരുന്ന വസ്തുക്കള്‍ വ്യാജരേഖ ചമച്ച് തട്ടിയെടുത്ത കേസില്‍ ക്രൈംബ്രാ ഞ്ച് അന്വേഷണം അവസാന ഘട്ടത്തിലേക്ക് . തട്ടിപ്പ് വ്യക്തമായിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ക്രൈംബ്രാഞ്ച് എസ്പി. സാബുമാത്യു വെളിപ്പെടുത്തി.
വ്യാജരേഖ ചമക്കാന്‍ കൂട്ടുനിന്ന ആധാരം എഴുത്തുകാരനേയും രജിസ്ട്രാറേയും മൊഴിയെടുക്കാനായി ക്രൈംബ്രാഞ്ച് വിളിപ്പിച്ചു. അഡാക്ക്, രജിസ്റ്റര്‍ ഓഫ് കമ്പനീസ് എന്നിവിടങ്ങളില്‍ നിന്ന് തട്ടിപ്പിന്‍റെ തെളിവുകള്‍ സമാഹരിച്ചതായും ക്രൈംബ്രാഞ്ച് വെളിപ്പെടുത്തി. കണ്ണൂര്‍ പയ്യന്നൂരിലെ റോഷ്‌നി സീഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ എംഡിയായിരുന്ന രാധാകൃഷ്ണന്‍റെ ഭാര്യ ബീനയുടെ പരാതിയിലാണ് അന്വേഷണം.
കമ്പനിയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റായിരുന്ന തോമസ് ചെറിയാന്‍ ഭാര്യ അന്നമ്മ ജോര്‍ജെന്ന അനുതോമസ് .മകള്‍ ട്രീസാ എലിസബത്ത്, മരുമകന്‍ ആന്‍ജോ ജോസ് , ബന്ധു ജോസി തോമസ് എന്നിവരുള്‍പ്പടെ എട്ടുപേരാണ് കോട്ടയം വെസ്റ്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികള്‍. സാമ്പത്തിക ക്രമക്കേടുകളെ തുടര്‍ന്ന് 1995 ല്‍ തോമസ് ചെറിയാനെ കമ്പനിയില്‍ നിന്ന് പുറത്താക്കിയിരുന്നു. രാധാകൃഷ്ണന്‍റെയും തൊട്ടുപിന്നാലെ ക്യാന്‍സര്‍ ബാധിതനായിരുന്ന മകന്‍റെയും മരണത്തോടെ ബീനയ്ക്ക് കമ്പനി നടത്താന്‍ കഴിയാതെയായി. ഈ സമയത്ത് ആശ്വാസ വാക്കുകളുമായെത്തിയ തോമസ് ചെറിയാന്‍ ബിസിനസില്‍ സഹായിക്കാമെന്ന് വാഗ്ധാനം ചെയ്ത് മത്സ്യ കൃഷിക്കെന്ന പേരില്‍ കുളം കുഴിച്ചു. ഇതറിഞ്ഞ ബീനാ രാധാകൃഷ്ണന്‍ ഡയറക്ടര്‍ ബോര്‍ഡറിയാതെ കമ്പനിക്കുളളില്‍ യാതൊന്നും ചെയ്യാന്‍ പാടില്ലെന്ന് കാട്ടി കത്തയച്ചു. ഇത് ഇഷ്ടപെടാതിരുന്ന തോമസ് ചെറിയാന്‍ കാക്കനാട്ടെ രജിസ്റ്റര്‍ ഓഫ് കമ്പനിയിലെ ചില ഉദ്യോഗസ്ഥന്മാരുമായി ചേര്‍ന്ന് വ്യാജ രേഖകള്‍ തയ്യാറാക്കി 50 കോടിയുടെ സ്വത്തുക്കള്‍ സ്വന്തം പേരിലേക്ക് മാറ്റിയെന്നായിരുന്നു ബീനാ രാധാകൃഷ്ണന്‍റെ പരാതി.
ബീനാ രാധാകൃഷ്ണന്‍ 2014 ല്‍ കമ്പനിയുടെ സ്വത്തുക്കള്‍ വിറ്റഴിക്കാന്‍ ശ്രമിച്ചപ്പോഴാണ് വ്യാജ രേഖ ചമച്ച് സ്വത്തുക്കള്‍ തട്ടിയെടുത്ത വിവരം അറിയുന്നത്. തുടര്‍ന്ന് രജിസ്റ്റര്‍ ഓഫ് കമ്പിനീസ് ഓഫീസില്‍ നിന്ന് നല്‍കിയ ക്രിമിനല്‍ നടപടി ശുപാര്‍ശ പ്രകാരം കോട്ടയം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കേസെടുത്തത്.
രജിസ്റ്റര്‍ ഓഫ് കമ്പനീസ് ഓഫീസിന്‍റെയും രജിസ്‌ട്രേഷന്‍ ജനറലിന് റെയും അന്വേഷണ റിപ്പോര്‍ട്ടില്‍ നിന്ന് വ്യാജ രേഖ ചമയ്ക്കലും കൃത്രിമങ്ങളും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം , കോട്ടയം, എറണാകുളം കണ്ണൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണത്തിന് ക്രൈംബ്രാഞ്ചിനെ നിയോഗിച്ചത്. ഒരുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

