തൃശൂര്‍: ലഹരി ഗുളികകളുമായി തൃശൂരില്‍ രണ്ടുയുവാക്കള്‍ പിടിയില്‍ മുകുന്ദപുരം കല്ലൂര്‍ കൊല്ലക്കുന്ന് സിയോണ്‍ (26) തൃശൂര്‍ മുളയം ചിറ്റേടത്ത് വീട്ടില്‍ ബോണി (20) എന്നിവരെയാണ് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ കെ പ്രദീപ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ റേഞ്ച് ഇന്‍സ്പെക്ടര്‍ ടിആര്‍ ഹരി നന്ദനന്റെ നേതൃത്വത്തിലുളള എക്സൈസ് സംഘം പിടികൂടിയത്,.
സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഇവരില്‍ നിന്ന് 500 ഓളം നൈട്രോസെപാം ഗുളികകളും പിടിച്ചെടുത്തു. തൃശൂരിലെ പ്രമുഖ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും ആശുപത്രികളില്‍ നിന്നുമാണ് ഇവര്‍ ഗുളികകള്‍ വാങ്ങിയിരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിനായി അവര്‍ ഉപയോഗിച്ചിരുന്ന ഡോക്ടര്‍മാരുടെ കുറിപ്പടികളും മെഡിക്കല്‍ ഷോപ്പുകളിലെ ബില്ലുകളും കണ്ടെടുത്തിട്ടുണ്ട്.
പ്രതികളെ കസ്റ്റഡിയിലെടുത്തതുമുതല്‍ 600 ലേറെ വിളികളാണ് ഇവരുടെ ഫോണിലേക്ക് എത്തിയത്. ലഹരിതേടി വിളിക്കുന്ന വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരായ യുവാക്കളും ഇക്കൂട്ടത്തിലുണ്ട്. ലഹരി ഉപയോഗിക്കുന്നവര്‍ ക്കിടയിലെ കോഡ് ഭാഷകളും പ്രതികളുടെ ഫോണുകളില്‍ നിന്ന് കണ്ടെടുത്തു. പില്ല് എന്നാണ് ഇതുപയോഗിക്കുന്നവരും വില്ക്കുന്നവരും വിശേഷിപ്പിക്കാറുളളത്. ഡാക്കളൊക്കെ ഇപ്പോ പില്ലാണ് പൊരിക്കുന്നതെന്നും എത്ര പില്ല് പൊരിക്കുമെന്നും സംഭാഷണങ്ങളിലുണ്ടായിരുന്നു. കൂടുതലടിച്ചാല്‍ ലോസാകുമെന്നും (മരണപ്പെടുമെന്ന്) കിറുക്കന്മാര് വലിയ തടസമാണെന്നും ഫോണിലെ സംഭാഷണങ്ങളില്‍ പറയുന്നു. ലഹരിമരുന്ന് പിടികൂടുന്ന പോലീസ്എ ക്സൈസ് ഉദ്യോഗസ്ഥരെയാണ് കിറുക്കന്മാരെന്ന് സംബോധന ചെയ്തിരിക്കുന്നത്.
ഗുളിക ഒന്നിന് 50 മുതള്‍ 200 രൂപവരെയാണ് പ്രതികള്‍ വിലയീടാക്കിയിരുന്നത്. പ്രതികള്‍ ഗുളികകള്‍ വാങ്ങിയിരുന്ന ആശുപത്രികള്‍ മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.
തൃശൂര്‍ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ വി.എ സലാമാണ് പ്രതികളെ ചോദ്യം ചെയ്തത്. പ്രിവന്റീവ് ഓഫീസര്‍മാരായ ശിവശങ്കരന്, സതീഷ് കുമാര്‍, സജീവ് , ടി.ആര് സുനില്‍, ജെയിസ് ജോസ്, പിഎ വിനോജ് ഉദ്യോഗസ്ഥരായ കൃഷ്ണപ്രസാദ്, എന്‍ ആര്. രാജു, സനീഷ് കുമാര്‍, ടി സി വിപിന്‍, എംജി ജോര്‍ജ്, കെ ആര് ബിജു, മനോജ്, നിവ്യ ജോര്‍ജ്, അരുണ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

