സിബിഐ കേസേറ്റെടുത്തതോടെ സര്‍ക്കാര്‍ പ്രതിരോധത്തില്‍

കൊച്ചി: ലൈഫ് മിഷന്‍ ഭവന നിര്‍മ്മാണ പദ്ധതിയില്‍ നടന്ന ക്രമക്കേടുകളെ കുറിച്ചുളള അന്വേഷണം സിബിഐ ഏറ്റെടുത്തതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി. വിദേശ സംഭാവന സ്വീകരിക്കല്‍ നിയമത്തിലെ എഫ്‌സിആര്‍എ 35-ാം വകുപ്പും, ഗൂഡാലോചന കുറ്റവും ചുമത്തിയാണ് കേസ്. അഞ്ചുവര്‍ഷം വരെ തടവും പിഴയും വിധിക്കാവുന്ന കുറ്റമാണിത് .കേസ് സിബിഐ ഏറ്റെടുക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ട്രേറ്റില്‍ നിന്ന് വിവരം ലഭിച്ചിരുന്നതായി വാര്‍ത്താമാധ്യമങ്ങള്‍ കഴിഞ്ഞ ആഴ്ചതന്നെ ചൂണ്ടിക്കാണിച്ചിരുന്നു.

വടക്കാഞ്ചേരിയിലെ ലൈഫ് ഭവന സമുച്ചയത്തിന്‍റെ കരാറുകാരന്‍ യൂണിടാക്ക് ബില്‍ഡേഴ്‌സ് ഉടമ സന്തോഷ് ഈപ്പനാണ് കേസിലെ ഒന്നാം പ്രതി .ഭവന പദ്ധതിയുടെ നിര്‍മ്മാണ കരാര്‍ ലഭിക്കുന്നതിലേക്ക് സ്വര്‍ണ്ണ കടത്തുകേസിലെ പ്രതികള്‍ക്ക് വന്‍തുക കമ്മീഷന്‍ നല്‍കി യെന്നതിനാലാണ് ഇദ്ദേഹം ഒന്നാംപ്രതിയാകുന്നത്. യൂണിടാക്കിന്‍റെ സഹോദര സ്ഥാപനമായ സേന്‍വെഞ്ചേഴ്‌സും തിരിച്ചറിയാത്ത വ്യക്തികളുമാണ് മറ്റുപ്രതികള്‍. യൂണിടാക്കിന്‍റെ തൃശൂര്‍ എറണാകുളം ഓഫീസുകളിലും സന്തോഷ് ഈപ്പന്‍റെ ചോറ്റാനിക്കരയുളള വസതിയിലും സിബിഐ ഇന്നലെ(25.09.2020) പരിശോധന നടത്തിയിരുന്നു. രാവിലെ 7 മുതല്‍ നടന്ന പരിശോധനയില്‍ നിരവധി രേഖകളും തെളിവുകളും പിടിച്ചെടുത്തു. പിന്നാലെ പ്രത്യേക കോടതിയില്‍ എഫ് ഐ ആറും സമര്‍പ്പിച്ചു.

സംസ്ഥാനത്തെ ചില മന്ത്രിമാരുടേയും ലൈഫ്മിഷനുമായി ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥരുടേയും മൊഴികള്‍ രേഖപ്പെടുത്തുമെന്നറിയുന്നു. . മുഖ്യമന്ത്രിയോടും വിവരങ്ങള്‍ ആരായാന്‍ ഇടയുണ്ട്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കരന്‍, റെഡ്ക്രസന്‍റുമായി ധാരണാപത്രം ഒപ്പിട്ട യുവി ജോസ്, അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസ്, തദ്ദേശ സെക്രട്ടറി ടികെ ജോസ് എന്നീ ഐഎഎസ്‌കാര്‍ക്കുപുറമേ നോര്‍ക്ക സെക്രട്ടറി ഇളങ്കോവനേയും കോണ്‍സുലേറ്റ്, ബാങ്ക് ഉദ്യോഗസ്ഥരേയും ചോദ്യം ചെയ്യും. 2018-ലെ പ്രളയത്തിന്‍റെ ചിത്രങ്ങളും സര്‍ക്കാരിന്‍റെ അഭ്യര്‍ത്ഥനയും ഉപയോഗിച്ച് യുഎഇ യില്‍ നിന്ന് പിരിച്ചെടുത്തതില്‍ 58 കോടി രൂപ തിരുവന്തപുരത്തെ സ്വകാര്യ ബാങ്കിലെ കോണ്‍സുലേറ്റിന്‍റെ ചാരിറ്റി അക്കൗണ്ടിലൂടെ എത്തിച്ചതും അന്വേഷിക്കും. ഫ്‌ളാറ്റ് സമുച്ചയം നിര്‍മ്മിക്കുന്നതിന് 20 കോടി രൂപയില്‍ 4.25 കോടി സ്വര്‍ണ്ണക്കടത്തുകേസിലെ പ്രതികള്‍ കമ്മീഷനായി കൈപ്പറ്റിയിട്ടുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ട്രേറ്റ് കണ്ടെത്തിയിരുന്നു.

ഇന്‍ഡ്യയില്‍ പ്രവര്‍ത്തനാനുമതിയില്ലാത്ത റെഡ്ക്രസന്‍റുമായി കരാറുണ്ടാക്കിയതാരാണ്, ആരാണ് കോടികള്‍ സമാഹരിച്ചത്, സമാഹരിച്ച പണം ആര്‍ക്കൊക്കെ എത്തിച്ചു, പ്രളയ പുനര്‍ നിര്‍മ്മാണത്തിന് വിദേശത്തുനിന്നും പിരിച്ചെടുത്ത പണം എവിടെ, കേന്ദത്തിന്‍റെ മുന്‍കൂര്‍ അനുമതിയില്ലാതെ കരാര്‍ ഒപ്പിട്ടതെങ്ങനെ നിര്‍മ്മാണ കരാരുകാരനെ കോണ്‍സല്‍ ജനറല്‍ തീരുമാനിച്ചതെങ്ങനെ തുടങ്ങിയുളള നിരവധി ചോദ്യങ്ങള്‍ക്കുളള ഉത്തരം സിബിഐ കണ്ടെത്തേണ്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →