ഇറ്റാനഗര്‍: പല്ല് തേച്ചുകൊണ്ടിരിക്കുന്നതിടെ അബദ്ധത്തില്‍ ടൂത്ത് ബ്രഷ് വിഴുങ്ങി യുവാവ്. അരുണാചല്‍ പ്രദേശിലെ പാസിഘട്ടിലാണ് സംഭവം. തൊണ്ടയുടെ പിന്‍ഭാഗം വൃത്തിയാക്കാന്‍ ശ്രമിക്കുന്നതിനിടെയിലാണ് 19 സെന്റിമീറ്റര്‍ നീളമുള്ള ടൂത്ത് ബ്രഷ് ഉള്ളിലേക്ക് പോയത്.ഉടന്‍ തന്നെ സമീപത്തെ ക്ലിനിക്കിലേക്കും അവിടെ നിന്ന് ജനറല്‍ ആശുപത്രിയിലേക്കും കൊണ്ടുപോയി. എക്സ്റേ നടത്തി നോക്കിയെങ്കിലും വയറ്റിനുള്ളില്‍ ടൂത്ത് ബ്രഷ് കണ്ടെത്താന്‍ സാധിച്ചില്ല. 24 മണിക്കൂര്‍ കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ അവസ്ഥ വഷളാകുമെന്ന് ഭയന്ന ഡോക്ടര്‍മാര്‍ ഉടന്‍ തന്നെ ശസ്ത്രക്രിയ നടത്തുകയായിരുന്നു.
ഏകദേശം 35 മിനിറ്റ് നീണ്ട ശസ്ത്രക്രിയക്ക് ഒടുവില്‍ വയറ്റില്‍ നിന്നും ബ്രഷ് നീക്കം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു.എന്നാല്‍ ഒരാള്‍ക്ക് എങ്ങനെ ഒരു ടൂത്ത് ബ്രഷ് വിഴുങ്ങാന്‍ കഴിയുമെന്നതില്‍ തനിക്ക് ഇപ്പോഴും അതിശയമുണ്ടെന്ന് ശസ്ത്രക്രിയ ചെയ്ത ഡോ. ബോംനി തയേംഗ് പറഞ്ഞു. രോഗിയുടെ നില ഭേദമായെന്നും പിന്നീട് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തെന്നും ഡോക്ടര്‍ പറഞ്ഞു.

