തിരുവനന്തപുരം: ‘സുഭിക്ഷ’ പദ്ധതിയിൽ ഉൾക്കൊള്ളിച്ചുകൊണ്ട് കെട്ടിടനിർമാണച്ചട്ടം ഭേദഗതിചെയ്തു. ഇളവുകളോടെയാണ് ഭേദഗതി.
ഇതു പ്രകാരം ചെറുവീടുകൾക്ക് മഴവെള്ള സംഭരണി വേണമെന്ന നിബന്ധന ഒഴിവാക്കി. പുതിയ നിബന്ധനപ്രകാരം അഞ്ചുസെന്റിൽ താഴെയുള്ള വസ്തുവിൽ നിർമിക്കുന്ന വീടുകൾക്കും 300 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള വീടുകൾക്കും മഴവെള്ളസംഭരണി ഒരുക്കേണ്ട.
1000 കോഴികളെയും 20 പശുക്കളെയും 50 ആടുകളെയും വളർത്തുന്ന ഫാമുകൾക്ക് പെർമിറ്റ് ആവശ്യമില്ല. കെട്ടിടനിർമാണത്തിലെ സെറ്റ് ബാക്ക് വ്യവസ്ഥയും പുനഃസ്ഥാപിച്ചു. 1999-ലെ ചട്ടത്തിൽ നിഷ്കർഷിച്ചിരുന്ന വ്യവസ്ഥ പുനഃസ്ഥാപിച്ചു. ഇതുപ്രകാരം ശരാശരി സെറ്റ്ബാക്ക് നൽകി കെട്ടിടം നിർമിക്കാം.
വ്യവസായ സ്ഥാപനങ്ങളിലേക്കുള്ള റോഡുകൾക്കും ഇളവുണ്ട്. 4000 ചതുരശ്രമീറ്ററിൽ കൂടുതൽ വിസ്തീർണമുള്ള വ്യവസായ സ്ഥാപനങ്ങൾക്ക് 10 മീറ്റർ വീതിയിൽ റോഡു വേണമെന്ന നിബന്ധന ഒഴിവാക്കി. 6000 ചതുരശ്രമീറ്റർവരെ അഞ്ചുമീറ്ററും അതിൽ കൂടുതൽ വിസ്തീർണമുള്ള കെട്ടിടങ്ങളിലേക്ക് ആറുമീറ്ററും വീതിയിൽ റോഡ് മതിയാകും.
18,000 സ്ക്വയർ മീറ്ററിൽ കൂടുതൽ വിസ്തീർണമുള്ള സ്ഥാപനങ്ങൾക്ക് എട്ടുമീറ്റർ വീതിയിലുള്ള റോഡ് മതിയാകും. നേരത്തേ 10 മീറ്റർ വീതിയിൽ റോഡ് വേണമെന്ന് നിബന്ധന വെച്ചിരുന്നു. ആശുപത്രികൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, ഓഫീസ്, ഓഡിറ്റോറിയം തുടങ്ങിയവയ്ക്ക് എട്ടുമീറ്റർ വീതിയിൽ റോഡ് മതിയാകും.
10 മീറ്റർ വീതിയിൽ സംസ്ഥാനത്ത് റോഡുകളില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഇളവ് അനുവദിച്ചത്. ബിൽഡ്അപ് ഏരിയയുടെ അടിസ്ഥാനത്തിൽ ഫ്ളോർ ഏരിയ കണക്കാക്കിയിരുന്നതും പിൻവലിച്ചു.
കെട്ടിടനിർമാണമേഖലയ്ക്ക് ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ നഷ്ടമായതായി പരാതിയുയർന്നതിന്റെ അടിസ്ഥാനത്തിലാണ് 2019-ലെ ചട്ടം വീണ്ടും ഭേദഗതിചെയ്തത്. 1999-ലെ പഴയ ചട്ടത്തിൽ അനുവദിച്ചിരുന്ന പല ഇളവുകളും നഷ്ടമായിരുന്നു. ഇത് കെട്ടിടനിർമാണമേഖലയെ പ്രതിസന്ധിയിലാക്കുമെന്ന വാദം സർക്കാർ അംഗീകരിച്ചുകൊണ്ടാണ് ഭേദഗതി. 2019-ലെ കെട്ടിട നിർമാണച്ചട്ട ഭേദഗതിക്കെതിരേ വ്യാപക പരാതിയുയർന്നതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ഭേദഗതി.