മോസ്കോ: യേശുക്രിസ്തുവിൻ്റെ പുനർജൻമം ആണെന്ന് അവകാശപ്പെടുന്ന സെർജി ടൊറോപ് എന്ന റഷ്യൻ ആൾദൈവത്തെ പൊലീസ് അറസ്റ്റു ചെയ്തു.
കഴിഞ്ഞ 30 വർഷമായി സൈബീരിയയുടെ ഉൾപ്രദേശത്തെ ഒരു ആശ്രമത്തിൽ അനുയായികളോടൊപ്പം കഴിഞ്ഞു വരികയായിരുന്നു ഇയാൾ.റഷ്യയിൽ ആയിരക്കണക്കിന് അനുയായികളുള്ള ആൾദൈവമാണ് 59 കാരനായ സെർജി ടൊറോപ്പ്. അനുയായികളെ വൈകാരിക അടിമകളാക്കി ചൂഷണം ചെയ്യുകയും അവരുടെ കയ്യിൽ നിന്നും പണം തട്ടിയെടുക്കുകയും ചെയ്യുന്നു എന്നതാണ് ഇയാൾക്കെതിരായ കുറ്റം. അനധികൃത മതസംഘടന ഉണ്ടാക്കിയെന്ന കുറ്റവും സെർജി ടൊറോപ്പിനെതിരെ ചുമത്തിയേക്കും.
സായുധ സൈനികർ ഹെലികോപ്റ്ററുകളിലെത്തിയാണ് അനുയായി വൃന്ദത്തെ ഓടിച്ച് ഇയാളെയും അടുത്ത രണ്ട് സഹായികളെയും അറസ്റ്റു ചെയ്തത്.
ട്രാഫിക് പൊലീസ് ഓഫീസറായിരുന്ന സെർജി ടൊറോപ്പിന് 1989 ൽ ആ ജോലി നഷ്ടപ്പെടുകയായിരുന്നു. സോവിയറ്റ് യൂണിയൻ തകർന്നതോടെ തനിക്ക് പുത്തനുണർവുണ്ടായി എന്നവകാശപ്പെട്ട ഇയാൾ ‘ചർച്ച് ഓഫ് ദ ലാസ്റ്റ് ടെസ്റ്റ്മെൻ്റ് ‘ എന്ന പ്രസ്ഥാനം സ്ഥാപിച്ചു. സൈബീരിയയിലെ വിദൂര ഗ്രാമങ്ങളിലുള്ളവരാണ് ഇദ്ദേഹത്തിൻ്റെ അനുയായികളിൽ ഏറെപേരും. റഷ്യയിലും പുറത്തുമുള്ള വിദ്യാസമ്പന്നരായ പ്രൊഫഷണലുകളടക്കം സെർജി ടൊറോപ്പിൻ്റെ അനുയായി വൃന്ദത്തിൽ ഉണ്ട്.



