മനാമ: വിദേശത്തുള്ള ഇന്ത്യൻ തൊഴിലാളികൾക്ക് വൻ തോതിൽ തൊഴിൽ നഷ്ടമായതായി റിപ്പോർട്ട്. കഴിഞ്ഞ 9 മാസത്തിനിടെ രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ എണ്ണം 14.3 ശതമാനമായി കുറഞ്ഞതായാണ് റിപ്പോർട്ട്. ഇന്ത്യക്കാരുടെ മാത്രം സ്ഥിതിയല്ല ഇത്. ഒമാനിൽ മാത്രം ഈ വർഷം പൊതു, സ്വകാര്യ മേഖലകളിലായി 2,22,300 പ്രവാസികൾക്ക് തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ഇതിൽ 10,700 പേർ സർക്കാർ മേഖലയിലെ ജീവനക്കാരായിരുന്നു. 1,81,200 വിദേശികൾക്ക് സ്വകാര്യ മേഖലയിലും 30,400 പേർക്ക് കുടുംബമേഖലയിലും തൊഴില്‍ നഷ്ടപ്പെട്ടതായി ദേശീയ സ്റ്റാറ്റിക്സ് (എൻസിഎസ്‌ഐ) വിഭാഗത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
പുതിയ കണക്കുകൾ പ്രകാരം പുറത്താക്കപ്പെട്ട തൊഴിലാളികളിൽ കൂടുതല്‍ പേരും ബംഗ്ലാദേശുകാരാണ്. ഇന്ത്യക്കാരും പാക്കിസ്ഥാൻകാരുമാണ് തൊട്ടു പിന്നിൽ.
സ്വദേശിവല്‍ക്കരണ നടപടികൾ ഊര്‍ജിതമാക്കിയതും കൊറോണ വൈറസ് തൊഴിൽ മേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചതുമാണ് ഇപ്പോഴത്തെ വൻതോതിലുള്ള പ്രവാസി തൊഴിൽ നഷ്ടത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്.