ബംഗളൂരു മയക്കുമരുന്നുകേസില്‍ ക്രിക്കറ്റുതാരങ്ങള്‍ക്കും പങ്കെന്ന് ഐഎസ്ഡി

ബംഗളൂരു: ബെംഗളൂരു മയക്കുമരുന്നുകേസില്‍ കന്നട സിനിമാ സീരിയല്‍ രംഗത്തെ നടീനടന്മാര്‍ക്കും, രാഷ്ട്രീയ നേതാക്കള്‍ക്കും, ക്രിക്കറ്റ് താരങ്ങള്‍ക്കും പങ്കുളളതായി ഐഎസ്ഡി വെളിപ്പെടുത്തി. കഴിഞ്ഞ 10 ദിവസത്തിനിടെ 67 പേരെ ചോദ്യം ചെയ്തതായും അവര്‍ പറഞ്ഞു. മറ്റുസംസ്ഥാനങ്ങളിലെ രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്നടക്കം വിവരങ്ങള്‍ ശേഖരിച്ചാണ് അന്വേഷണം.

നഗരത്തിലെ മയക്കുമരുന്ന് വിതരണവുമായി ബന്ധപ്പെട്ട് കര്‍ണ്ണാടക പോലീസിലെ ആഭ്യന്തര സുരക്ഷാവിഭാഗം അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇതുവരെ 8 എഫ്‌.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തു. സിനിമാ മേഖലയിലുളളവരെ കൂടാതെ മുന്‍ക്രിക്കറ്റ് താരത്തേയും ചോദ്യം ചെയ്തിരുന്നു. മയക്കുമരുന്ന് സംഘത്തില്‍ കണ്ണികളായ 5 പേര്‍ ബുധനാഴ്ച (23.09.2020) ബെംഗളൂരുവില്‍ പിടിയിലായി. കേന്ദ്രഎജന്‍സിയായ എന്‍.സി.ബിയും സംസ്ഥാന പോലീസിനുകീഴിലെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചും കൂടതാതെ അഭ്യന്തര സുരക്ഷാ വിഭാഗവും മയക്കുമരുന്ന് റാക്കറ്റിനെതിരെ പിടിമുറുക്കുകയാണ്. ലഹരി കേസില്‍ അറസ്റ്റിലായവര്‍ക്ക് മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും ബന്ധമുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലാണ് അന്വേഷണം.

നടന്‍ അഭിഷേക്, നടി ഗീതാ ഭാരതി ഭട്ട്, എന്നിവരെയാണ് ബുധനാഴ്ച (23.09.2020) ചോദ്യം ചെയ്തത്. പ്രമുഖ നടന്‍ യോഗേഷ, മുന്‍ രഞ്ജി ക്രിക്കറ്റ് താരം എന്‍സി അയ്യപ്പ എന്നിവരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. മുന്‍ ജെഡിഎസ് എംപി ശിവരാമ ഗൗഡയുടെ മകന്‍ ചേതന്‍ ഗൗഡ, നിലവിലെ ഒരു ബിജെപി എംപിയുയെ മകന്‍ എന്നിവര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

2020 സെപ്തംബര്‍ 12 ന് മയക്കുമരുന്നുമായി ബെംഗളൂരുവില്‍ വെച്ച് ഐഎസ്ഡിയുടെ പിടിയിലായ മലയാളികളായ റാന്‍ ഡാനിയേല്‍,ഗോഗുല്‍ കൃഷ്ണ എന്നിവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. തിരുവനന്തപുരം സ്വദേശികളായ ഇവര്‍ സിനിമാ മേഖലയിലുളളവര്‍ക്ക് ലഹരി മരുന്നുകള്‍ നല്‍കിയിരുന്നതായി പോലീസിന് മൊഴി നല്‍കിയിരുന്നു. അതേസമയം സൂഡാന്‍ സ്വദേശിയുള്‍പ്പടെ അഞ്ചുപേര്‍ ബുധനാഴ്ച (23.9.2010) പിടിയിലായി. അഞ്ചുലക്ഷം രൂപ വിലമതിക്കുന്ന എംഡിഎംഎ ജുറാസിസ് ഗുളികകള്‍ ഇവരില്‍ നിന്നും പിടികൂടിയതായി പോലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →