തിരുവനന്തപുരം: സിപിഎം ആവശ്യപ്പെട്ടാല്‍ രാജിവെക്കാന്‍ തയാറാണെന്ന് മന്ത്രി കെ.ടി ജലീല്‍. പ്രതിപക്ഷത്തിന്റേത് അടിസ്ഥാനമില്ലാത്ത ആരോപണമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 2017 മുതല്‍ കൗണ്‍സില്‍ ജനറലുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്നും നയതന്ത്ര പാഴ്സല്‍ വിവാദത്തില്‍ പ്രതികരിച്ച മന്ത്രി പറഞ്ഞു. ഷാര്‍ജാ സുല്‍ത്താന്‍ കേരളം സന്ദര്‍ശിച്ച സമയത്താണ് കൗണ്‍സില്‍ ജനറലുമായി താന്‍ പരിചയപ്പെടുന്നത്. മിനിസ്റ്റര്‍ ഇന്വൈറ്റിയായി നിയമിക്കപ്പെട്ടത് താനായിരുന്നു. തുടര്‍ന്ന് വ്യക്തിപരമായ ബന്ധം താന്‍ നിലനിലനിര്‍ത്തിയിരുന്നു. കൗണ്‍സില്‍ ജനറലിന്റെ എക്സിക്യൂട്ടിവ് സെക്രട്ടറിയായ സ്വപ്നാ സുരേഷുമായും അതേ വര്‍ഷം മുതല്‍ പരിചയമുണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഷാര്‍ജാ സുല്‍ത്താന്റെ പരിപാടികള്‍ ഏകോപിപ്പിച്ചിരുന്നതും സ്വപ്നാ സുരേഷായിരുന്നു. അദ്ദേഹത്തിന്റെ കുടുംബമായും അടുപ്പം പുലര്‍ത്തിയിരുന്നു. ഔപചാരികമായി പരിചയപ്പെട്ടതല്ലാതെ വ്യക്തിപരമായി സ്വപ്നാ സുരേഷുമായി ബന്ധമില്ലായിരുന്നുവെന്ന് മന്ത്രി ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ബിജെപി നേതാവിന് കൊടുത്ത മറുപടി എന്തിനാണ് കോണ്‍ഗ്രസുകാരും ലീഗുകാരും ഏറ്റുപിടിക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു. ഇരവാദം ഉയര്‍ത്തിയിട്ടില്ല.
കോണ്‍സുലേറ്റില്‍ നിന്നും ജലീലിന് ലഭിച്ചത് സ്വര്‍ണകിറ്റുകളാണെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന് ആരോപിച്ചിരുന്നു. ഈ ഘട്ടത്തിലാണ് വിശുദ്ധ ഖുര്‍ആന്റെ കോപ്പികള്‍ക്ക് പകരം സ്വര്‍ണ ഖുര്‍ആനാണ് നല്‍കിയതെന്ന് പറഞ്ഞ് വിശ്വാസികളെ വേദനിപ്പിക്കരുതെന്നാണ് ഉദ്ദേശിച്ചത് എന്നും കെ.ടി. ജലീല്‍ വ്യക്തമാക്കി.

