കൊച്ചി: കൊതുകുകള്‍ പെരുകി ജനങ്ങള്‍ക്ക് ദുരിതം സൃഷ്ടിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്ന് കൊച്ചി, തിരുവനന്തപുരം കോര്‍പ്പറേഷനുകള്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്കി. തിരുവനന്തപുരം സ്വദേശി കെആര്‍ രജ്ജിത്ത് ഏഴുവര്‍ഷം മുമ്പ് സമര്‍പ്പിച്ച പൊതു താല്‍പ്പര്യ ഹര്‍ജിയിലാണ് ഡിവിഷന് ബെഞ്ചിന്റെ നിര്‍ദ്ദേശം. ജനങ്ങളും ഇക്കാര്യത്തില്‍ ഉത്തരവാദിത്വം നിറവേറ്റണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
നഗരങ്ങളില്‍ കുന്നുകൂടുന്ന മാലിന്യങ്ങള്‍ എല്ലാദിവസവും നീക്കം ചെയ്യുന്നുണ്ടെന്ന് കോര്‍പ്പറേഷനുകളും സര്‍ക്കാരും ഉറപ്പാക്കണം. കൊതുകുശല്ല്യമില്ലാതെ ജീവിക്കാനും ഡെങ്കിപ്പനി ഉള്‍പ്പെടെ പകര്‍ച്ചവ്യാധികള്‍ പിടിക്കാതിരിക്കാനും നടപടികള്‍ സ്വീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, രണ്ടു കോര്‍പ്പറേഷനുകളുടേയും സെക്രട്ടറിമാര്‍, ജില്ലാ കളക്ടര്‍ എന്നിവരാണ് എതിര് കക്ഷികള്‍.

