തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് മുന്നണികളും പരസ്പരം രഹസ്യധാരണാ ആരോപണവുമായി രംഗത്തെത്തി. സ്വർണക്കടത്തിൽ സി പി എമ്മും ബി ജെ പി യും ഒത്തുകളിക്കുകയാണെന്ന് യു.ഡി.എഫും , ഖമറുദ്ധീൻ എം എൽ എ യ്ക്കെതിരായ പരാതിയിൽ യു ഡി എഫും എൽ ഡി എഫും ഒത്തു കളിക്കുകയാണെന്ന് ബി ജെ പി യും ആരോപിക്കുന്നു. കെ ടി ജലീലിനെതിരായി ബി ജെ പി യും യു ഡി എഫും ഒത്തു കളിക്കുകയാണെന്നാണ് ഇടതു മുന്നണിയുടെ ആക്ഷേപം.
സ്വർണക്കടത്ത് കേസിൽ അനിൽ നമ്പ്യാരെ ചോദ്യം ചെയ്തതും കേന്ദ്ര സഹമന്ത്രി വി മുരളീധരൻ്റെ പ്രസ്താവന വിവാദമായതുമെല്ലാം ഉയർത്തിയാണ് ബി ജെ പി ക്കെതിരെയും യു.ഡി.എഫ് ആക്ഷേപമുന്നയിക്കുന്നത്. കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ ഒത്തുകളി ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഖുറാൻ വിഷയത്തിൽ മുസ്ലീം സംഘടനകളിൽ നിന്ന് എതിർപ്പുണ്ടായ സാഹചര്യത്തിൽ ബി ജെ പി യെയും സി പി എമ്മിനെയും ഒരു പോലെ ആക്രമിക്കുക എന്ന നിലയിലേക്ക് കോൺഗ്രസും ലീഗും ചുവടുമാറ്റുകയായിരുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

