സ്വയം ടാപ്പിങ് പ്രോത്സാഹിപ്പിക്കാന്‍ റബ്ബര്‍ബോര്‍ഡ് തീവ്രപ്രചാരണ പരിപാടി നടത്തുന്നു

തിരുവനന്തപുരം: ചെറുകിട റബ്ബര്‍ കര്‍ഷകരുടെ ഇടയില്‍ സ്വയം ടാപ്പിങ്ങും ഇടവേളകൂടിയ ടാപ്പിങ്ങും പ്രോത്സാഹിപ്പിക്കുന്നതിന് റബ്ബര്‍ ബോര്‍ഡ് തീവ്രപ്രചാരണപരിപാടി (കാംപെയ്ന്‍2020) നടത്തുന്നു. കേരളത്തിലെയും തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെയും റബ്ബര്‍ ബോര്‍ഡിന്റെ 100 ഫീല്‍ഡ് സ്റ്റേഷനുകളില്‍  സെപ്റ്റംബര്‍ 22-ന് ഈ പ്രചാരണപരിപാടി ആരംഭിക്കും. പരിപാടിയുടെ മുന്നോടിയായി നാളെ (22 സെപ്റ്റംബര്‍) 10.30 ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ. പീയൂഷ് ഗോയല്‍, കേരളത്തിലെ കൃഷിമന്ത്രി ശ്രീ. വി.എസ്. സുനില്‍ കുമാര്‍, റബ്ബര്‍ ബോര്‍ഡ് ചെയര്‍മാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. കെ.എന്‍. രാഘവന്‍ എന്നിവര്‍ റബ്ബര്‍ ബോര്‍ഡ് ഫെയ്സ്ബുക്ക് ലൈവിലൂടെ കര്‍ഷകര്‍ക്ക് സന്ദേശങ്ങള്‍ നല്‍കും. കര്‍ഷകയോഗങ്ങളില്‍ റബ്ബര്‍ മരങ്ങള്‍ സ്വയം ടാപ്പുചെയ്യുന്ന കര്‍ഷകര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ഇടവേള കൂടിയ ടാപ്പിങ് രീതികള്‍ സ്വീകരിച്ചതുകൊണ്ടും സ്വയം ടാപ്പിങ് നടത്തിയതുകൊണ്ടുമുണ്ടായ നേട്ടങ്ങള്‍ മറ്റു കര്‍ഷകര്‍ക്ക് വിശദീകരിച്ചു കൊടുക്കുകയും ചെയ്യും. ഈ ആശയങ്ങള്‍ വിജയകരമായി നടപ്പാക്കിയ, തങ്ങളെപ്പോലെ തന്നെയുള്ള ഒരു കര്‍ഷകനില്‍ നിന്ന് കാര്യങ്ങള്‍ നേരിട്ടു കേള്‍ക്കുന്നത് മറ്റു കര്‍ഷകര്‍ക്ക് ഇത്തരം കാര്യങ്ങള്‍ സ്വീകരിച്ചു നടപ്പാക്കുന്നതിന് കൂടുതല്‍ ആത്മവിശ്വാസം നല്‍കും. നൂതന ടാപ്പിങ് രീതികളും സ്വയം ടാപ്പിങ്ങും പഠിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ കര്‍ഷകര്‍ക്കും ആവശ്യമായ പരിശീലനം ബോര്‍ഡ് നല്‍കും. ഈ വര്‍ഷത്തെ പ്രചാരണ പരിപാടിയില്‍ കുറഞ്ഞത് 50,000 കര്‍ഷകരെയെങ്കിലും ഉള്‍പ്പെടുത്താനാണ് ബോര്‍ഡ് ലക്ഷ്യമി ട്ടിട്ടുള്ളത്. കോവിഡ് 19 നിയന്ത്രണസാഹചര്യങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും കര്‍ഷകയോഗങ്ങള്‍ നടത്തുക.  
റബ്ബറിന്റെ ഉത്പാദനച്ചെലവിലെ ഏറ്റവും വലിയ ഘടകം 60 ശതമാനത്തിനു മുകളില്‍ വരുന്ന ടാപ്പിങ് ചെലവാണ്. റബ്ബര്‍ മരങ്ങള്‍ സ്വയം ടാപ്പു ചെയ്യുന്നതിലൂടെയും ടാപ്പിങ്ങുകള്‍ക്കിടയിലുള്ള ഇടവേള കൂട്ടിയും ഈ വലിയ ചെലവ് കുറയ്ക്കാന്‍ കഴിയും. ആഴ്ചയിലൊരിക്കല്‍ ടാപ്പുചെയ്യുമ്പോള്‍ മരത്തില്‍ നിന്ന് രണ്ടു ദിവസത്തിലൊരിക്കല്‍ ടാപ്പുചെയ്യുന്നതിനേക്കാള്‍ റബ്ബര്‍ പാല്‍ ലഭിക്കുമെന്ന് റബ്ബര്‍ബോര്‍ഡ് ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്. ഇടവേളകൂടിയ ടാപ്പിങ് രീതികള്‍  സ്വീകരിക്കുന്നതിലൂടെ  റബ്ബര്‍ മരങ്ങളില്‍ നിന്ന് കൂടുതല്‍ കാലം വിളവെടുക്കുന്നതിനും സാധിക്കും. മാത്രമല്ല സ്വയം ടാപ്പിങ് ആരംഭിക്കുന്നതിനും ഇത് കര്‍ഷകര്‍ക്ക് സഹായകമാകും. നമ്മുടെ നാട്ടിലെ ചെറുകിട കര്‍ഷകരുടെ ശരാശരി തോട്ടവിസ്തൃതി 0.57 ഹെക്ടര്‍ ആണ്, അതായത് ഏതാണ്ട് 200 മരങ്ങള്‍ മാത്രമാണ് ഒരാള്‍ക്ക് ടാപ്പു ചെയ്യേണ്ടി വരുന്നത്. ടാപ്പിങ്ങും അനുബന്ധ ജോലികളും ആഴ്ചയില്‍ ഒരു ദിവസം മാത്രം ആക്കുകയാണെങ്കില്‍, മറ്റു ദിവസങ്ങളില്‍ മറ്റു ജോലികള്‍ ചെയ്യുന്നതിന് ബുദ്ധിമുട്ടും ഉണ്ടാകുകയില്ല. ഉല്‍പാദനച്ചെലവ് കുറയ്ക്കുന്നതിനും റബ്ബര്‍ കൃഷി കൂടുതല്‍ ലാഭകരമാക്കുന്നതിനും ഇത് കര്‍ഷകരെ സഹായിക്കും. 

ചെറുകിട കര്‍ഷകരില്‍ നല്ലൊരു ശതമാനം ഇടവേള കൂടിയ ടാപ്പിങ് രീതികള്‍ സ്വീകരിക്കുകയും സ്വയം ടാപ്പു ചെയ്യുകയും ചെയ്താല്‍ വിദഗ്ധരായ റബ്ബര്‍ ടാപ്പര്‍മാരുടെ സേവനങ്ങള്‍ ടാപ്പര്‍ ബാങ്ക് പോലുള്ള സംവിധാനങ്ങളിലൂടെ കൂടുതല്‍ ഉത്പാദനപരമായും മികച്ച രീതിയിലും പ്രയോജനപ്പെടുത്താന്‍ കഴിയും. വിളവെടുക്കാതെ കിടക്കുന്ന കൂടുതല്‍ തോട്ടങ്ങള്‍ ടാപ്പു ചെയ്യുന്നതിനും ഇത് സഹായിക്കും; രാജ്യത്ത് റബ്ബറിന്റെ മൊത്തത്തിലുള്ള ഉത്പാദനം വര്‍ദ്ധിക്കുകയും ചെയ്യും. കോവിഡ് മഹാമാരി മൂലം ലോകമെമ്പാടും സംഭവിച്ച മാറ്റങ്ങള്‍ മൂലം കാര്‍ഷികമേഖലയില്‍ ഒരു പുതിയ ഉണര്‍വ്വ് കൈവന്നിട്ടുണ്ട്. മറ്റു തൊഴിലുകള്‍ ഉപേക്ഷിക്കേണ്ടി വന്നതു മൂലം കൃഷിയും അനുബന്ധ പ്രവര്‍ത്തനങ്ങളും ആത്മാര്‍ത്ഥമായി ഏറ്റെടുത്ത നിരവധി ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്. അത്തരം വ്യക്തികള്‍ക്ക് സ്വന്തമായി തോട്ടങ്ങള്‍ ടാപ്പുചെയ്യാനുള്ള പരിശീലനവും റബ്ബര്‍ സംസ്‌കരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ ലാഭകരമായി പണമിറക്കുന്നതിനുള്ള മാര്‍ഗ്ഗദര്‍ശനവും റബ്ബര്‍ ബോര്‍ഡ് നല്‍കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →