താജ്മഹലും ആഗ്ര കോട്ടയും സഞ്ചാരികൾക്ക് തുറന്നു കൊടുക്കുന്നു

ആഗ്ര: കോവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ട താജ്മഹലും ആഗ്ര കോട്ടയും സഞ്ചാരികൾക്ക് തുറന്നു കൊടുക്കുന്നു. അണ്‍ലോക്ക് 4ന്‍റെ ഭാഗമായാണ് താജ്‌മഹലും ആഗ്ര കോട്ടയും തുറന്ന് കൊടുക്കുന്നതെന്ന് സ്‌മാരക ചുമതലയുള‌ള പുരാവസ്‌തു ശാസ്‌ത്രജ്‌‌ഞൻ ബസന്ത് കുമാർ അറിയിച്ചു. 2020 സെപ്തംബര്‍ 21 നാണ് താജ്മഹലും ആഗ്ര കോട്ടയും വീണ്ടും തുറക്കുന്നത്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് താജ്മഹല്‍ അടച്ചത്. ലോക്ഡൌണ്‍ കാരണം ബഫർ സോണിന്‍റെ ഭാഗമായി തരംതിരിച്ചിരുന്ന നഗരത്തിലെ എല്ലാ ചരിത്ര സ്മാരകങ്ങളും അടച്ചിരുന്നു. 2020 സെപ്തംബര്‍ 1 മുതൽ വിനോദ സഞ്ചാരികൾക്കായി വീണ്ടും തുറക്കുമെന്ന് ആഗ്ര ജില്ലാ മജിസ്‌ട്രേറ്റ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ താജ്മഹലും ആഗ്ര കോട്ടയും തുറന്നിരുന്നില്ല. പിന്നീടാണ് സെപ്തംബര്‍ 21 ന് താജ്മഹല്‍ തുറക്കണമെന്ന് ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടത്. താജ്മഹല്‍ തുറക്കുന്നതോടെ ടൂറിസം മേഖലയെ ട്രാക്കിലേക്കെത്തിക്കുവാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

താജ്‌മഹലിൽ ദിവസം 5000 പേരെയും ആഗ്ര കോട്ടയിൽ 2500 പേരെയും മാത്രമാണ് പ്രതിദിനം സന്ദർശിക്കാൻ അനുവദിക്കുക. . ടിക്കറ്റ് കൗണ്ടറുകൾക്ക് പകരം ഇലക്ട്രിക് ടിക്കറ്റുകളായിരിക്കും സന്ദര്‍ശകര്‍ക്ക് നല്‍കുക. സാമൂഹിക അകലം പാലിക്കൽ , മാസ്ക് ധരിക്കുക , സാനിറ്റൈസര്‍ തുടങ്ങിയ കാര്യങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →