ആലുവാ : വിവാഹാലോചന നിരസിച്ചതിനേ തുടര്‍ന്ന് യൂവാവ് ആത്മഹത്യക്ക് ശ്രമിച്ചു. പാലക്കാട് സ്വദേശി നാഗരാജ് (30) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ (18.09.2020)രാവിലെ 11 മണിയോടെയായിരുന്നു പോലീസിനേയും നാട്ടുകാരേയും ഭീതിയിലാക്കിയ സംഭവം. പാലക്കാട് സ്വദേശിനിയായ യുവതി ബീഡിഎസ് പഠനവുമായി ബന്ധപ്പെട്ട് മാതാവിനൊപ്പം ആലുവായില്‍ വാടകയ്ക്ക് താമസിക്കുകയാണ് . യുവതിയുടെ മാതാപിതാക്കള്‍ തമ്മില്‍ അഭിപ്രയ വ്യത്യാസത്തിലായതിനാല്‍ പിതാവ് പാലക്കാട്ടാണ് താമസം.
മൂന്നുവര്‍ഷം മുമ്പ് യുവതിയുടെ പിതാവ് മുഖാന്തിരം നാഗരാജുമായി വിവാഹാലോചന നടത്തിയിരുന്നു. അതിനെ തുടര്‍ന്ന് ഇരുവരും സൗഹൃദത്തിലാണ് കഴിഞ്ഞിരുന്നത്. എന്നാല്‍ യുവാവിന്‍റെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ കാണാനിടയായതോടെ യുവതി പിന്‍മാറുകയായിരുന്നു. ഇതിന്‍റെ പേരില്‍ യുവാവ് യുവതിയെ ആക്ഷേപിച്ച് സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ഇട്ടിരുന്നു. പോസ്റ്റ് ശ്രദ്ധയില്‍ പെട്ട യുവതി പോലീസില്‍ പരാതി നല്‍കി.
ഇതിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് നാഗരാജനെ വിളിച്ചുവരുത്തിയിരുന്നു.
സിഐ. എന്‍.സുരേഷ്കുമാര്‍ കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ വിവരങ്ങള്‍ ചോദിച്ചറിയുന്നതിനിടയില്‍ നാഗരാജ് സ്റ്റേഷനില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. നഗരസഭാ ഗ്രൗണ്ടിലേക്ക് ഓടിയ യുവാവ് വാട്ടര്‍ ടാങ്കിന്‍റെ മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി. പിന്നീട് ഇയാളെ മാതാപിതാക്കള്‍ തന്നെ അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു. ഇപ്പോള്‍ ബിസിനസ് ചെയ്യുകയാണെന്നും സിവില്‍ സര്‍വീസിന് പഠിക്കുന്നുണ്ടെന്നുമാണ് യുവാവ് പറയുന്നത്. ഇരുവരുടേയും വീട്ടുകാര്‍ക്ക് പരാതിയില്ലാത്തതിനാല്‍ കേസെടുത്തില്ലെന്ന് പോലീസ് അറിയിച്ചു.

