കൊച്ചി: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത സമരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. കൊവിഡ് വ്യാപനം കണക്കിലെടുത്ത് സമരങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഹര്‍ജികള്‍ ഹൈക്കോടതിക്ക് മുന്നിലെത്തിയിട്ടുണ്ട്. ആള്‍ക്കൂട്ട സമരങ്ങള്‍ വ്യാപകമാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു.
കൊവിഡ് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി വിവിധ സംഘടനകളുടെ പ്രവര്‍ത്തകര്‍ സാമൂഹ്യ അകലം പാലിക്കാതെ സമരം നടത്തുന്നുവെന്ന് ഹര്‍ജിക്കാര്‍ കോടതിയെ ബോധിപ്പിച്ചു. തെളിവായി ചിത്രങ്ങള്‍ അടക്കം ഹര്‍ജിക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സമരം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. ഇത്തരം സമരങ്ങള്‍ക്കെതിരെ ദുരന്ത നിവാരണ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തി കേസ് എടുക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

