കോഴിക്കോട് വയോജന സംരക്ഷണത്തിനായി വാര്‍ഡുതോറും പള്‍സ് ഓക്‌സി മീറ്റര്‍

കോഴിക്കോട്: കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടുന്നതിനുള്ള തീവ്ര ശ്രമങ്ങള്‍ക്കൊപ്പം പ്രായമായവരുടേയും മറ്റ് രോഗങ്ങളുള്ളവരുടേയും ആരോഗ്യ സംരക്ഷണത്തിന് ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചു. കോവിഡില്‍ നിന്നും മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി വാര്‍ഡ് അടിസ്ഥാനത്തില്‍ പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുകയാണ് ജില്ലാ ഭരണകൂടം. 

കോവിഡ് കൂടുതല്‍ അപകടകരമായി ബാധിക്കുന്ന വയോജനങ്ങള്‍, മറ്റുരോഗങ്ങള്‍ ഉള്ളവര്‍ എന്നിവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പള്‍സ് ഓക്‌സി മീറ്റര്‍ വാങ്ങും. ശരീരത്തിലെ ഓക്‌സിജന്റെ അളവ്, നാഡീസ്പന്ദന തോത് എന്നിവ നിമിഷ നേരംകൊണ്ട് അറിയാനുള്ള ഉപകരണമാണ് പള്‍സ് ഓക്‌സിമീറ്ററുകള്‍. വാര്‍ഡ് തലത്തില്‍ ഓരോ പള്‍സ് ഓക്‌സിമീറ്ററുകളാണ് വാങ്ങുന്നത്. വാര്‍ഡ് ദ്രുതകര്‍മ്മസേനാംഗങ്ങള്‍ വീടുകളിലെത്തി വയോധികരിലെ ശരീരത്തിലെ ഓക്‌സിജന്റെ അളവ്, ഹൃദയസ്പന്ദനം എന്നിവ പരിശോധിക്കും. 

ക്ലിപ്പു പോലെ വിരലുകളില്‍ ഘടിപ്പിച്ചാണ് പള്‍സ് ഓക്‌സി മീറ്ററിന്റെ പ്രവര്‍ത്തനം. വിരല്‍ ക്ലിപ്പിനകത്ത് വച്ച് ചലിപ്പിക്കാതെ ആറു മുതല്‍ പത്തു സെക്കന്റ് വരെ കാത്തിരിക്കണം. മീറ്ററിന് പുറത്തുള്ള പ്രതലത്തില്‍ ഓക്‌സിജന്‍ അളവും ഹൃദയസ്പന്ദന തോതും പ്രദര്‍ശിപ്പിക്കും.

സാധാരണ അളവില്‍ നിന്നും വ്യത്യാസം ഉണ്ടെങ്കില്‍ ആ വ്യക്തിക്ക് വൈദ്യസഹായം നല്‍കും. കോവിഡ് പോസിറ്റീവായി ലക്ഷണമില്ലാത്ത രോഗികള്‍ക്ക് വീട്ടില്‍ തന്നെ നിരീക്ഷണകാലഘട്ടം പൂര്‍ത്തിയാക്കുന്നതില്‍ ഉപകാരപ്രദമായ ഉപകരണമാണിതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7907/Pulse-oximeter.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →