പത്തനംതിട്ട: കോന്നി ഗവ. മെഡിക്കല്‍ കോളേജില്‍ ഒ.പി. പ്രവര്‍ത്തനം ആരംഭിച്ചു. രാവിലെ എട്ടിനുതന്നെ ചികിത്സ തേടി രോഗികളും ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ അഡ്വ. കെ. യു. ജനീഷ് കുമാര്‍ എം.എല്‍.എയും മെഡിക്കല്‍ കോളേജില്‍ എത്തിയിരുന്നു. ജനറല്‍ ഒ.പിയാണ് ആദ്യ ദിവസം പ്രവര്‍ത്തിച്ചത്. സാനിറ്റൈസര്‍ നല്‍കി അണുവിമുക്തമാക്കിയാണ് ആളുകളെ മെഡിക്കല്‍ കോളേജിനുള്ളിലേക്ക് പ്രവേശിപ്പിച്ചത്. ഒ.പി. ടിക്കറ്റ് എടുത്ത ശേഷം ട്രയാജ് സ്റ്റേഷനിലാണ് ആദ്യം ആളുകള്‍ എത്തിയത്. അവിടെ പ്രഷര്‍, ശാരിര താപനില തുടങ്ങിയവ പരിശോധിക്കും. തുടര്‍ന്ന് ക്രമത്തിലാണ് ഡോക്ടറെ കാണാന്‍ അവസരം നല്‍കിയത്.
ഡോ. ഷേര്‍ളി തോമസ്, ഡോ. സോണി തോമസ് തുടങ്ങിയവരാണ് ഒ.പിയില്‍ രോഗികളെ നോക്കിയത്. ഓര്‍ത്തോ വിഭാഗത്തിലെ രോഗികളെ പ്രിന്‍സിപ്പല്‍ ഡോ. സി. എസ്. വിക്രമന്‍ പരിശോധിച്ചു. കേരളത്തിലെ അറിയപ്പെടുന്ന അസ്ഥിരോഗ വിഭാഗം ഡോക്ടറാണ് ഡോ. സി. എസ്.വിക്രമന്‍. ആദ്യ ദിനത്തില്‍ 88 രോഗികള്‍ ചികിത്സ തേടി മെഡിക്കല്‍ കോളേജിലെത്തി.
അഡ്വ. കെ. യു. ജനീഷ് കുമാര്‍ എംഎല്‍എ ഒ.പി. പ്രവര്‍ത്തന ക്രമീകരണങ്ങള്‍ വിലയിരുത്തി പ്രിന്‍സിപ്പലിനും, സുപ്രണ്ടിനും ഒപ്പം രാവിലെ മുതല്‍ തന്നെ ഉണ്ടായിരുന്നു. എല്ലാ ക്രമീകരണങ്ങളും സുഗമമായി തന്നെ മുന്നോട്ട് പോകുന്നതായി എം.എല്‍.എ. പറഞ്ഞു.
ബന്ധപ്പെട്ട രേഖ https://keralanews.gov.in/7878/Konni-Govt.-medical-college.html