ന്യൂഡൽഹി: പതിനായിരത്തോളം ഇന്ത്യക്കാരുടെ വിവരങ്ങൾ ചൈനീസ് കമ്പനിയായ ഷെൻഹുവ ശേഖരിക്കുന്നു എന്ന വാർത്തയെ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര സർക്കാരും രാജ്യത്തെ വിവിധ ഏജൻസികളും കാണുന്നത്.
ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ പ്രസിദ്ധീകരണമായ അൺസ്ട്രിക്റ്റഡ് വാർഫെയർ 1999 ൽ തന്നെ പുതിയൊരു യുദ്ധമുഖം തുറക്കുന്നതിനെ കുറിച്ചുള്ള ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഹൈബ്രിഡ് വാർ എന്നാണ് അവർ അതിനെ വിളിച്ചത്.
സൈനിക യുദ്ധങ്ങളിൽ നിന്നും വ്യത്യസ്തമായ സാമ്പത്തികവും രാഷ്ട്രീയവും സാങ്കേതികവുമായ മേഖലകളിലുള്ള യുദ്ധം എന്നാണ് ചൈന ഇതുകൊണ്ട് ഉദ്ദേശിച്ചത്. ചൈനീസ് സൈനിക, ഇന്റലിജൻസ്, സെക്യൂരിറ്റി ഏജൻസികൾക്കു വേണ്ടി ഷെൻഹുവ ശേഖരിക്കുന്ന വിവരങ്ങൾ രാജ്യരക്ഷാ രംഗത്ത് മാത്രമല്ല ശാസ്ത്രസാങ്കേതിക രംഗങ്ങളിലും സാമ്പത്തികരംഗത്തും പ്രശ്നങ്ങൾ സൃഷ്ടിക്കാൻ പര്യാപ്തമാണ്.
ഇതിൽ ഇന്ത്യയിലെ ആയിരത്തിലേറെ സ്റ്റാർട്ടപ്പുകൾ സംബന്ധിച്ച വിവരങ്ങളും ഉൾപ്പെടുന്നുണ്ട്. ഒരു വ്യക്തിയെയോ സ്ഥാപനത്തെയോ കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾക്കു പുറമേ, അവരെ സോഷ്യൽ മീഡിയയിൽ പിന്തുടരുന്നവർ, അവർ ലൈക്ക് ചെയ്യുന്ന പോസ്റ്റുകൾ, അവരുടെ കമന്റുകൾ, എന്നിവയെല്ലാം ശേഖരിച്ച് ഒരു ഡാറ്റാ ബാങ്ക് ഉണ്ടാക്കിയിട്ടുണ്ട് ഷെൻഹുവ. വസ്തു ഇടപാടുകൾ സംബന്ധിച്ച രേഖകൾ, സ്ഥാപനങ്ങളുടെ വ്യത്യസ്തങ്ങളായ കരാറുകൾ, എന്നിവയെല്ലാം ഇത്തരത്തിൽ ശേഖരിക്കപ്പെടുന്നു.
ഇന്ത്യയിൽ രാഷ്ട്രീയ പ്രതിസന്ധികളും സാമൂഹിക സംഘർഷ സാധ്യതകളും ഉണ്ടാക്കിയെടുക്കാൻ ഏതു രീതിയിൽ ഇടപെടണം എന്ന് പഠിക്കാനും ഈ രേഖകൾ ചൈനയെ സഹായിക്കും. അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നൂറോളം ചൈനീസ് ഓൺലൈൻ അപ്ളിക്കേഷനുകൾ ഇന്ത്യ നിരോധിച്ചിരുന്നു. എന്നാൽ ഇത്തരം നിരോധനങ്ങൾ കൊണ്ടും ഷെൻഹുവ നടത്തുന്നതു പോലെയുള്ള വിവരശേഖരണങ്ങളെ പ്രതിരോധിക്കാനാകില്ല എന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്.

