മധ്യപ്രദേശ് രാഷ്ട്രീയത്തിൽ ഉമാഭാരതി തരംഗമുണ്ടാക്കാൻ ബി.ജെ.പി

ഭോപ്പാൽ: ദീർഘകാലത്തെ ഇടവേളയ്ക്കുശേഷം മധ്യപ്രദേശ് രാഷ്ട്രീയത്തിലേക്ക് വീണ്ടും ഉമാഭാരതിയെ ഇറക്കുകയാണ് ബിജെപി. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ ഉമാഭാരതി, ശിവരാജ് സിംഗ് ചൗഹാൻ കൂട്ടുകെട്ടാകും ബിജെപിയുടെ പ്രചരണത്തിന് ചുക്കാൻ പിടിക്കുക. സംസ്ഥാനത്ത് 28 അസംബ്ലി നിയോജക മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്.

മധ്യപ്രദേശിൽ പിന്നാക്ക വിഭാഗങ്ങളിലെ വോട്ടർമാർ നിർണായകമാണ്. ഈ വോട്ട് ബാങ്കിനെ സ്വന്തമാക്കാൻ ഉമാഭാരതിയെ പോലെ ഒരാളെ ആവശ്യമുണ്ടെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.

ഉമാഭാരതിയുടെ നേതൃത്വത്തിലാണ് 2003 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപി ജയിച്ചത്. അന്ന് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഉമാഭാരതി പിന്നീട് ചില വിവാദങ്ങളുടെ പേരിൽ രാജിവെക്കുകയായിരുന്നു. ഇതേ തുടർന്ന് ബിജെപിയിൽ നിന്നും അകന്ന അവർ പുതിയ പാർട്ടി രൂപീകരിക്കുകയും സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് അകന്നു നിൽക്കുകയും ചെയ്തു. പിന്നീട് ബിജെപിയിലേക്ക് തിരിച്ചുവന്ന ഉമാഭാരതി ഉത്തർപ്രദേശിൽ നിന്നാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതും പാർലമെന്റിലേക്ക് എത്തിയതും.

എന്നാൽ മധ്യപ്രദേശിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ഉമാഭാരതിയും ചേർന്നുള്ള പുതിയൊരു നേതൃനിരയെ അവതരിപ്പിക്കുകയാണ് ഇപ്പോൾ ബിജെപി. മധ്യപ്രദേശ് രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുക എന്നതാണ് ഉമാഭാരതിയുടെയും ആഗ്രഹം എന്നാണ് സൂചന. പല വേദികളിലും പരസ്പരം പുകഴ്ത്തിക്കൊണ്ട് ചൗഹാനും ഉമാഭാരതിയും പ്രത്യക്ഷപ്പെട്ടത് ബിജെപി പ്രയോഗിക്കുന്ന പുതിയ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →