കണ്ണൂർ: തലശേരി മലബാർ ക്യാൻസർ സെന്ററിനെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസ് & റിസർച്ച് ആയി വികസിപ്പിക്കാനുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബർ 14-ന് രാവിലെ 11.30ന് വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അധ്യക്ഷയാകും. എ.എൻ. ഷംസീർ എം.എൽ.എ., കെ. മുരളീധരൻ എം.പി. എന്നിവരാണ് മുഖ്യാതിഥികൾ.
11.39 കോടി രൂപയുടെ പീഡിയാട്രിക് ഹെമറ്റോളജി & ഓങ്കോളജി ബ്ലോക്ക്, 9 കോടിയുടെ ന്യൂക്ലിയർ മെഡിസിൻ & റേഡിയോളജി എക്സ്റ്റൻഷൻ ബ്ലോക്ക്, 9.5 കോടിയുടെ ക്ലിനിക്കൽ ലാബ് സർവീസസ് & ട്രാൻസ്ലേഷണൽ റിസർച്ച് ബ്ലോക്ക്, 9.5കോടിയുടെ ഇന്റർവെൻഷനൽ റേഡിയോളജി വിഭാഗം, 95 ലക്ഷത്തിന്റെ കാന്റീൻ വിപുലീകരണം, 6 കോടിയുടെ 64 സ്ലൈസ് ഫ്‌ളൂറോ സിടി സ്‌കാൻ, 4 കോടിയുടെ സ്‌പെക്റ്റ് സി.ടി. സ്‌കാനർ തുടങ്ങി പൂർത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനമാണ് നടക്കുക. 81.69 കോടിയുടെ റേഡിയോതെറാപ്പി ബ്ലോക്കിന്റെ വിപുലീകരണം, ഒ.പി ബ്ലോക്ക് നവീകരണം, 32 കോടിയുടെ സ്റ്റുഡൻസ് ഹോസ്റ്റൽ എന്നീ പുതിയ പദ്ധതികളുടെ ശിലാസ്ഥാപനവും നടക്കും.
ആർ.സി.സി.യെ മാത്രം ആശ്രയിച്ചിരുന്ന മലബാർ മേഖലയിലെ കാൻസർ രോഗികൾക്ക് ഏറെ ആശ്വാസം പകരുന്ന കേന്ദ്രമായി മലബാർ കാൻസർ സെന്ററിനെ മാറ്റാൻ കഴിഞ്ഞതായി മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു.

