കോട്ടയം: റോഡരുകില്‍ പാടശേഖരത്തില്‍ കെട്ടിയിരുന്ന 9 മാസം ഗര്‍ഭിണിയായ എരുമയുടെ ദേഹത്ത് ടാര്‍ ഒഴിച്ചതായി പരാതി . ചെമ്പോടിത്തറയില്‍ ഷിബുവിന്‍റെ ഉടമസ്ഥതയിലുളള എരുമയുടെ ദേഹത്താണ് ടാര്‍ ഒഴിച്ചത്. കഴിഞ്ഞ ദിവസം രാത്രിയില്‍ കുമരകത്ത് പശുവിനെ ഇടിച്ച് സ്കൂട്ടര്‍ മറിഞ്ഞിരുന്നു. ഇതിന്‍റെ പ്രതികാരമാവാം എരുമയുടെ ശരീരത്തില്‍ ടാര്‍ ഒഴിച്ചതെന്നാണ് അനുമാനം.
ഷിബുവും മൃഗഡോക്ടറടക്കമുളളവരും ചേര്‍ന്ന് രണ്ട് മണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് ടാര്‍ നീക്കിയത്. കനത്തമഴയില്‍ വീട്ടിലെ തൊഴുത്തില്‍ വളളം കയറിയതിനാലാണ് എരുമയെ വയലില്‍ കെട്ടാന്‍ കാരണമായത്. ഇന്നലെ ഉച്ചയോടെ ഷിബു വയലിലെത്തിയപ്പോഴാണ് എരുമയുടെ ദേഹത്ത് ടാര്‍ ഒഴിച്ചതായി കാണുന്നത്. ടാര്‍ ഉരുകി ശരീരത്തില്‍ പടര്‍ന്നതിനാല്‍ പ്രാഥമീക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും എരുമക്ക് കഴിഞ്ഞിരുന്നില്ല.
ഷിബുവന്‍റെ പരാതിയില്‍ കുമരകം പോലീസ് കേസെടുത്തു. രണ്ട് പശുക്കളും ഒരെരുമയുമാണ് ഷിബുവിനുളളത്. മാസങ്ങള്‍ക്ക് മുമ്പ് ഒരു എരുമ പാമ്പ്കടിയേറ്റ് ചത്തിരുന്നു.