ലാപ്‌ടോപ്പുമായി കളക്ടറെത്തി; കയ്യടിച്ചു വരവേറ്റ് കുട്ടികള്‍

തിരുവനന്തപുരം: ഓണ്‍ലൈന്‍ പഠനത്തിനായി വുമണ്‍ ആന്റ് ചില്‍ഡ്രണ്‍ ഹോമിലെ കുട്ടികള്‍ ചോദിച്ച ലാപ്‌ടോപ്പ് ഒരാഴ്ചയ്ക്കുള്ളില്‍ എത്തിച്ചു നല്‍കി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ. കയ്യടിയോടെ കളക്ടറെ വരവേറ്റ് കുട്ടികള്‍. പി.ടി.പി നഗറില്‍ പ്രവര്‍ത്തിക്കുന്ന വുമെന്‍ ആന്റ് ചില്‍ഡ്രന്‍ ഹോമിലെ അന്തേവാസികളായ കുട്ടികള്‍ ഓണത്തോടനുബന്ധിച്ച് കെയര്‍ഹോം സന്ദര്‍ശിക്കാനെത്തിയ ജില്ലാ കളക്ടറോട് തങ്ങള്‍ക്ക് ഒരു ലാപ്ടോപ് കൂടി ഉണ്ടെങ്കില്‍ നന്നായിരുന്നു എന്ന് പറഞ്ഞത് ദിവസങ്ങള്‍ക്ക് മുമ്പാണ്. ഓണാവധി കഴിഞ്ഞയുടന്‍ ലാപ്ടോപ്പുമായി വീണ്ടും തങ്ങളെ കാണാനെത്തിയ കളക്ടറെ കണ്ട വിദ്യാര്‍ഥികള്‍ക്ക് ആദ്യം അമ്പരപ്പായിരുന്നു.  അത് മെല്ലെ കൗതുകത്തിനും സന്തോഷത്തിനും വഴിമാറി. കുട്ടികളുടെ ആവശ്യം അടിയന്തരമാണെന്നു മനസിലാക്കിയ കളക്ടര്‍ എത്രയും വേഗം ലാപ്‌ടോപ്പ് എത്തിച്ചു നല്‍കുകയായിരുന്നു. ലാപ്‌ടോപ്പിനൊപ്പം ഈ സ്ഥാപനത്തിലേക്ക് 20 കസേരകള്‍ കൂടി നല്‍കിയാണ് കുട്ടികളോടുള്ള സ്നേഹം കളക്ടര്‍ പങ്കുവച്ചത്. തങ്ങളുടെ ആവശ്യം അല്‍പ്പംപോലും വൈകാതെ സഫലമാക്കിത്തന്നതിന് കുട്ടികള്‍ കളക്ടറോട് നന്ദി പറഞ്ഞു. എല്ലാവര്‍ക്കും നന്നായി പഠിക്കാനും ഉന്നത വിദ്യാഭ്യാസവും നല്ല ജോലിയും നേടാന്‍ കഴിയട്ടെ എന്നും കളക്ടര്‍ ആശംസിച്ചു. ഒരു കാരണവശാലും ഓണ്‍ലൈന്‍ ക്ലാസുകള്‍ മുടക്കരുതെന്നും എന്ത് ആവശ്യമുണ്ടെങ്കിലും തന്നെ അറിയിക്കണമെന്നും കുട്ടികളെ കളക്ടര്‍ ഓര്‍മിപ്പിച്ചു. കൂട്ടികള്‍ക്ക് ഓണത്തിന് താന്‍ നല്‍കിയ വാഗ്ദാനം ഒട്ടും വൈകാതെ പാലിക്കാന്‍ കഴിഞ്ഞതില്‍ തികഞ്ഞ സംതൃപ്തി ഉണ്ടെന്നും കളക്ടര്‍ പറഞ്ഞു. ലീഡ് ബാങ്കിന്റെ സഹായത്തോടെയാണ്‌ലാപ്‌ടോപ്പും കസേരകളും ലഭ്യമാക്കിയത്. സംസ്ഥാന വനിതാ-ശിശു വകുപ്പിന് കീഴില്‍ മഹിള സമഖ്യാ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് വിമെന്‍ ആന്റ് ചില്‍ഡ്രന്‍സ് ഹോമിന്റെ പ്രവര്‍ത്തനം. ലീഡ് ബാങ്ക് ഡിസ്ട്രിക് മാനേജര്‍ ജി. ശ്രീനിവാസ പൈ, വനിതാ ശിശു വികസന വകുപ്പ് ജില്ലാ ഓഫീസര്‍ സബീന ബീഗം, മഹിള സമഖ്യാ സൊസൈറ്റി സ്റ്റേറ്റ് കണ്‍സള്‍ട്ടന്റ് ബോബി ജോസഫ് തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായി.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7722/Newstitleeng.html

Share
അഭിപ്രായം എഴുതാം