അമ്മയും ഇളയമകനും ജീവനൊടുക്കിയ സംഭവത്തില്‍ കാണാതായ മൂത്തമകനെ കണ്ടെത്തി.

തൃശൂര്‍: തൃശൂര്‍ നടവരമ്പില്‍ അമ്മയും ഇളയമകനും ആത്മഹത്യ ചെയ്തതിനേ തുടര്‍ന്ന് കാണാതായ മൂത്തമകനെ കണ്ടെത്തിയതായി പോലീസ്. 2020 ഓഗസ്റ്റ് 25 നാണ് കാവുങ്കല്‍ ജയകൃഷ്ണന്‍റെ ഭാര്യ രാജിയും ഇളയമകന്‍ വിജയകൃഷ്ണയും ആത്മഹത്യ ചെയ്ത്ത്. രാജിയുടെ തറവാട്ടുവീട്ടില്‍ മരിച്ചനിലയില്‍ ഇവരെ കണ്ടെത്തുകയായിരുന്നു. രാജിയുടെ മൃതദേഹം അടുക്കളയുടെ സമീപത്തെ മുറിയില്‍ തൂങ്ങി നില്‍ക്കുന്നതായും, വിജയകൃഷ്ണയുടെ മൃതദേഹം കിണറ്റിലുമാണ് കണ്ടെത്തിയത്. ഇതിനുപിന്നാലെയാണ് മൂത്തമകന്‍ വിനയകൃഷ്ണയെ കാണാനില്ലെന്ന വാര്‍ത്ത പരക്കുന്നത്. തുടര്‍ന്ന് വിനയകൃഷ്ണയെ കണ്ടെത്താനുളള അന്വേഷണം ഊര്‍ജ്ജിതപെടുത്തുകയായിരുന്നു.

മൊബൈല്‍ ലൊക്കേഷന്‍ ടവര്‍ കേന്ദ്രീകരിച്ചുളള അന്വേഷണത്തിലാണ് വിനയകൃഷ്ണയെക്കുറിച്ചുളള വിവരം ലഭിച്ചത്. ആദ്യ ദിവസങ്ങളില്‍ വിവരം ലഭിച്ചിരുന്നില്ലെങ്കിലും കഴിഞ്ഞ ദിവസം വിനയകൃഷ്ണ ഫോണ്‍ ഓണ്‍ ചെയ്ത് ഒരാളെ വിളിച്ചതേടെയാണ് അന്വേഷണത്തിന് വീണ്ടും ജീവന്‍ വച്ചത്. ഇയാളില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞ പോലീസ് സംഘം എറണാകുളം മറൈന്‍ ഡ്രൈവിന് സമീപത്തുനിന്നും വിനയ് കൃഷ്ണയെ കണ്ടെത്തുകയായിരുന്നു. വന്‍ സാമ്പത്തീക ബാധ്യത കാരണം നാടുവിട്ട വിനയ് കൃഷ്ണ പലയിടങ്ങളില്‍ ചുറ്റിക്കറങ്ങിയ ശേഷം ഏതാനും ദിവസങ്ങള്‍ക്കുമുമ്പാണ് എ റണാകുളത്തെത്തിയത്. കെഎസ്ആര്‍ടിസി സ്റ്റാന്‍റിലും മറ്റുമായിട്ടാണ് കഴിഞ്ഞുകൂടിയിരുന്നത്. പോലീസില്‍ നിന്നാണ് അമ്മയും അനുജനും ജീവനൊടുക്കിയ കാര്യം പോലും അറിയുന്നത്.

വിനയകൃഷ്ണയുടെ സാമ്പത്തീക ബാധ്യത തന്നെയാണ് അമ്മയുടേയും അനുജന്‍റെയും ആത്മഹത്യക്ക് കാരണമെന്നാണ് പോലീസ് നല്‍കുന്ന വിവരം. മകന്‍ പണം നല്‍കാനു ളളവരെല്ലാം നിരന്തരം വീട്ടില്‍ വന്ന് ചോദിക്കുന്നത് രാജിയെ വിഷമിപ്പിച്ചിരുന്നു. പണം നല്‍കാനുളളവര്‍ വിളിച്ചാല്‍ വിനയകൃഷ്ണ ഫോണ്‍ എടുക്കുകയും ചെയ്തിരുന്നില്ല. ഇതെല്ലാമാണ് രാജിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും വേറെ ദുരൂഹതകളില്ലെന്നും പോലീസ് പറഞ്ഞു. വിനയ് കൃഷ്ണയെ വിട്ടയച്ചെങ്കിലും വവരങ്ങള്‍ ചോദിച്ചറിയാന്‍ വീണ്ടും വിളിപ്പിക്കുമെന്ന് പോലീസ് പറഞ്ഞു.

Share
അഭിപ്രായം എഴുതാം