വാഷിങ്ടന്‍: സൈനീക വിന്യാസത്തിനായി ചൈന പാകിസ്താന്റെ സൈനീക താവളങ്ങളും ഉപയോഗിക്കുന്നതായി യുഎസ് റിപ്പോര്‍ട്ട്.
ഇന്ത്യയുടെ മൂന്നു അയല്‍രാജ്യങ്ങള്‍ ഉള്‍പ്പെടെ 12 രാജ്യങ്ങളില്‍ ചൈന സൈനീക സൗകര്യം ഒരുക്കാന്‍ ശ്രമിക്കുന്നുണ്ട്. മ്യാന്‍മര്‍, തായ്ലന്‍ഡ്, സിംഗപ്പൂര്‍, ഇന്തൊനേഷ്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, യുഎഇ, കെനിയ, സീഷെല്‍സ്, ടാന്‍സാനിയ, അംഗോള, തജിക്കിസ്ഥാന്‍ എന്നിവിടങ്ങളിലും സൈനീക താവളങ്ങള്‍ നിര്‍മ്മിക്കാന്‍ ചൈന ലക്ഷ്യമിടുന്നുണ്ടെന്നും യുഎസ് പ്രതിരോധ വകുപ്പായ പെന്റഗണ്‍ കോണ്‍ഗ്രസിനു സമര്‍പ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
വലിയ തോതില്‍ സൈനീക സന്നാഹമൊരുക്കുകയാണ് ലക്ഷ്യം. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ആണവായുധങ്ങളുടെ ശേഖരം ഇരട്ടിയാക്കാനും ലക്ഷ്യമുണ്ട്. നിലവില്‍ 200ല്‍ താഴെ ആണവായുധങ്ങളാണ് ചൈനയ്ക്കുള്ളത്.
സൈനികശേഷി വര്‍ധിപ്പിക്കുന്നതിന് വിദേശ രാജ്യങ്ങളില്‍ വിശാലമായ അടിസ്ഥാന സൗകര്യ വികസനമാണ് ചൈന ലക്ഷ്യമിടുന്നതെന്ന് കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നിലവില്‍ ആഫ്രിക്കന്‍ രാജ്യമായ ജീബൂട്ടിയിലാണ് ചൈനയ്ക്ക് സൈനികത്താവളം ഉള്ളത്.
ചൈനയുടെ ‘വണ്‍ ബെല്‍റ്റ്, വണ്‍ റോഡ്’ പദ്ധതിയുടെ ഭാഗമായുള്ള ഈ നീക്കം വഴി, മലാക്ക കടലിടുക്ക് വഴിയല്ലാതെ എളുപ്പത്തില്‍ വിഭവങ്ങള്‍ എത്തിക്കാന്‍ കഴിയുമെന്നതാണ് ബീജിംഗ് കാണുന്ന നേട്ടം.

