പത്തനംതിട്ടയില്‍ ആംബുലന്‍സ്‌ ഡ്രൈവറില്‍ നിന്ന്‌ തനിക്കും ദുരനുഭവം നേരിട്ടിരുന്നതായി മറ്റൊരു യുവതി

പത്തനംതിട്ട: ആറന്‍മുളയില്‍ ആംബുലന്‍സ്‌ ഡ്രൈവറില്‍ നിന്ന്‌ യുവതിക്ക്‌ നേരിടേണ്ടിവന്ന അനുഭവം തനിക്കും ഉണ്ടാതായി മറ്റൊരു യുവതി. 2020 ജൂണ്‍ 18 നായിരുന്നു സംഭവം. അന്നും ആംബുലന്‍സില്‍ ഡ്രൈവര്‍ മാത്രമായിരുന്നു. കോവിഡ്‌ നിരീക്ഷണത്തിനായി പോകേണ്ട താനുമായി ആംബുലന്‍സ്‌ ഡ്രൈവര്‍ നാലുമണിക്കൂര്‍ നാടുചുറ്റിയ കഥ അവര്‍ പറഞ്ഞു.

ദുബായില്‍ നിന്ന്‌ രാത്രി ഒന്നരയ്‌ക്ക്‌ കൊച്ചിവിമാനത്താവളത്തില്‍ ഇറങ്ങിയ സ്‌ത്രീയെ കെഎസ്‌.ആര്‍ടിസി ബസില്‍ പത്തനംതിട്ട ശബരിമല ഇടത്താവളത്തില്‍ കൊണ്ടുവന്നു. അവിടെ നിന്ന്‌ ഈ സ്‌ത്രീ ഉള്‍പ്പടെ മൂന്നുനാല്‌ സ്‌ത്രീകളേയും ഒരു പുരുഷനേയും ആംബുലന്‍സില്‍ കയറ്റി. പത്തനംതിട്ട നഗരത്തില്‍ തന്നെ 5 മിനിറ്റ്‌ മാത്രം അകലെയുളള അബാന്‍ ജംങ്‌ഷനിലെ ക്വാറന്‍റൈന്‍ കേന്ദ്രത്തിലേക്കായിരുന്നു അവര്‍ക്ക്‌ പോകേണ്ടിയിരുന്നത്‌. അവര്‍ക്കായി അവിടെ പെയ്‌ഡ്‌ റൂം ബുക്കുചെയ്‌തിരുന്നു.

ആംബുലന്‍സ്‌ ഡ്രൈവര്‍ ഓരോരുത്തരും ഇറങ്ങേണ്ട സ്ഥലത്തിന്‍റെ ലിസ്‌റ്റ്‌ എടുത്തു. യുവതിക്ക്‌ ഇറങ്ങേണ്ട അബാന്‍ ജംങ്‌ഷനിലെത്തിയപ്പോള്‍ ആംബുലന്‍സ്‌ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അവിടെ മുറിയില്ലെന്ന്‌ പറഞ്ഞ്‌ വാഹനം നിര്‍ത്താതെ അയാള്‍ മുന്നോട്ടുപോകുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞിട്ടും അയാള്‍ വാഹനം നിര്‍ത്തിയില്ല.

ആംബുലന്‍സ്‌ ഇലവുംതിട്ടയിലേയും അടൂരിലേയും ക്വാറന്‍റൈന്‍ കേന്ദ്രങ്ങളില്‍ ഇറങ്ങേണ്ടവരെയെല്ലാം എത്തിച്ചശേഷം തിരികെ പത്തനം തിട്ടയില്‍ അവര്‍ക്കിറങ്ങേണ്ട കേന്ദ്രത്തില്‍ എത്തിയപ്പോഴേക്കും നാലുമണിക്കൂര്‍ പിന്നിട്ടിരുന്നു. ഈ സമയം അവര്‍ ബന്ധുക്കളെയെല്ലാം വിവരം അറിയിച്ചിരുന്നതിനാലും സമയം പകല്‍ ആയിരുന്നതാനാലും ആണ്‌ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാവാതിരുന്നതെന്ന്‌ അവര്‍ പറഞ്ഞു. അന്ന്‌ ഈ സംഭവം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും അയള്‍ക്കെതിരെ നടപടിയുണ്ടായില്ല.

കഴിഞ്ഞദിവസം ആറന്മുളയില്‍ പെണ്‍കുട്ടിക്കുണ്ടായ ദുരനുഭവത്തില്‍ വിഷമമുണ്ടെന്നും സമൂഹം ഒറ്റക്കെട്ടായി ഇത്തരം സംഭവങ്ങളില്‍ പ്രതീകരിക്കേണ്ടതാണെന്നും അവര്‍ പറഞ്ഞു. സമയം നോക്കാതെ ജോലി ചെയ്യുന്ന നല്ല ആംബുലന്‍സ്‌ ഡ്രൈവര്‍മാര്‍ ഒരുപാടുണ്ടെന്നും അവര്‍ക്ക് അപമാനം ഉണ്ടാവാ തിരിക്കാന്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും അവര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →