പത്തനംതിട്ട: കോന്നി വാകയാര്‍ പോപ്പുലര്‍ ഫൈനാന്‍സ് തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍. പ്രതികള്‍ക്ക് വിദേശ ബന്ധമുള്ളതിനാല്‍ ഇന്റര്‍പോള്‍ അന്വേഷണവും ആവശ്യമാണ്. കേസ് ഒതുക്കാനും പ്രതികള്‍ക്ക് രക്ഷപെടാനും ഉള്ള അവസരം ഒരുക്കുകയാണ് പോലീസ് എന്നും ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു. നൂറുകണക്കിന് നിക്ഷേപകരെയാണ് പോപ്പുലര്‍ ഉടമയും മക്കളും ചേര്‍ന്ന് കബളിപ്പിച്ചത്. കോന്നി പോലീസ് സ്‌റ്റേഷനില്‍ ഒരു കേസ് മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. ഓരോ പോപ്പുലര്‍ ശാഖകളുടെ കീഴില്‍ വരുന്ന സ്റ്റേഷനുകളിലും പരാതികള്‍ സ്വീകരിച്ച് കേസെടുക്കാന്‍ പോലീസ് തയാറാകുന്നില്ല്.
ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരമാണ് കോന്നിയില്‍ മാത്രമായി പോലീസ് കേസ് ഒതുക്കിയത്. പ്രതികള്‍ക്ക് രക്ഷപെടാന്‍ അവസരമൊരുക്കുകയാണ് പോലീസ്. പരാതികള്‍ കോന്നി സ്‌റ്റേഷനില്‍ അയച്ചു കൊടുത്ത് അവര് അന്വേഷിക്കുമെന്ന് പറഞ്ഞ് ഒഴിവാക്കുകയാണ്. കേസിന്റെ ഗതി മാറ്റാനാണ് ശ്രമം.പത്തുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ചേര്‍ത്തിട്ടുള്ളത്. അതാത് ജില്ലകളിലെ പരാതികള്‍ കലക്ടര്‍മാര്‍ അന്വേഷിച്ച് പ്രത്യേക കോടതിയില്‍ നല്‍കാന്‍ അനുമതി നല്‍കണം. എല്ലാ സ്‌റ്റേഷനുകളിലും പരാതികള്‍ അന്വേഷിക്കണം. നിക്ഷേപം മുഴുവന്‍ ഷെയറാക്കി മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. തങ്ങള്‍ ഫിക്‌സഡ് ഡിപ്പോസിറ്റായാണ് പണം നിക്ഷേപിച്ചത്.
നിക്ഷേപത്തിന് 21 ഓളം വ്യാജ കമ്പനികളുടെ ഷെയര്‍ സര്‍ട്ടിഫിക്കേറ്റാ്ണ് ലഭിച്ചത്. സര്‍ട്ടിഫിക്കറ്റുകള്‍ ആഴ്ചകള്‍ കഴിഞ്ഞാണ് നല്‍കുന്നത്. ഷെയറിലേക്ക് മാറ്റിയത് സംബന്ധിച്ച് ചോദിച്ചാല്‍ ഈ രീതിയിലെ പറ്റുകയുള്ളുവെന്ന് പറഞ്ഞ് ശാഖാ മാനേജര്‍മാര്‍ ഒഴിയുകയായിരുന്നു. പോപ്പുലര്‍ കമ്പനി പാപ്പര്‍ അല്ലെന്ന് തെളിയിക്കാന്‍ കഴിയുന്ന രേഖകള്‍ തങ്ങളടെ കൈവശമുണ്ടെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പെണ്‍മക്കളുടെ പേരിലേക്ക് ആസ്തികള്‍ മുഴുവന്‍ മാറ്റിയത് തട്ടിപ്പിന് വേണ്ടിയാണ്. പണയ സ്വര്‍ണം അടുത്തുള്ള ബാങ്കുകളില്‍ വെച്ച് പണമെടുക്കാന്‍ സിഇഒ ആയ മൂത്തമകള്‍ ശാഖാ മാനേജര്‍മാരെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു.
സമീപകാലത്ത് 12 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്ത് കൂടുതല്‍ നിക്ഷേപം സ്വീകരിക്കുകയുണ്ടായി. പത്രസമ്മേളനത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് സി.എസ്. നായര്‍ തട്ടയില്‍, വൈസ് പ്രസിഡന്റ് പി. സുരേഷ് കുമാര്‍ കിടങ്ങൂര്‍, ജില്ലാ കോര്‍ഡിനേറ്റര്‍ സാം ജോണ്‍ ചാ്തന്നൂര്‍, അന്നമ്മതോമസ് വകയാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



