ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മേല്‍ശാന്തിയെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് സെപ്തംബര്‍ 15 ന് നടക്കും. നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്താനുള്ള അപേക്ഷകരുടെ കൂടിക്കാഴ്ച 14 ന് രാവിലെ 8.30 മുതല്‍ ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ നടത്തും. ക്ഷേത്രം തന്ത്രിയാണ് അപേക്ഷകരുമായി അഭിമുഖം നടത്തുക. കൂടിക്കാഴ്ചയ്ക്ക് ശേഷം അര്‍ഹരാകുന്നവരുടെ പേരുകള്‍ 15 ന് ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം നാലമ്പലത്തില്‍ നറുക്കെടുത്താണ് പുതിയ മേല്‍ശാന്തിയെ തെരഞ്ഞെടുക്കുക. ഒക്ടോബര്‍ ഒന്നുമുതല്‍ ആറുമാസമാണ് പുതിയ മേല്‍ശാന്തിയുടെ കാലാവധി. ഏപ്രില്‍ ഒന്നുമുതല്‍ ക്ഷേത്രത്തില്‍ മേല്‍ശാന്തിയെ നിയമിച്ചിരുന്നില്ല. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അപേക്ഷകരുമായി കൂടിക്കാഴ്ച നടത്താന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്നാണ് മേല്‍ശാന്തി നിയമനം തടസപ്പെട്ടിരുന്നത്.
മാര്‍ച്ച് 31 ന് കാലാവധി പൂര്‍ത്തിയാക്കിയ മേല്‍ ശാന്തിയായിരുന്ന പഴയത്ത് സുമേഷ് നമ്പൂതിരിയ്ക്ക് കാലാവധി നീട്ടി നല്‍കിയിരുന്നെങ്കിലും ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് അദ്ദേഹം സ്ഥാനമൊഴിഞ്ഞു. തുടര്‍ന്ന് ക്ഷേത്രത്തിലെ ഓതിക്കന്‍മാര്‍ക്ക് ക്ഷേത്രത്തിലെ ചുമതല കൈമാറുകയായിരുന്നു. പുതിയ മേല്‍ശാന്തി സെപ്തംബര്‍30ന് രാത്രി അത്താഴ പൂജയ്ക്ക് ശേഷം ചുമതലയേല്‍ക്കും. കാലാവധി പൂര്‍ത്തിയാക്കിയ കോയ്മ, ക്ഷേത്രം സെക്യൂരിറ്റി ഓഫീസര്‍മാര്‍ , വനിതാ സെക്യൂരിറ്റിക്കാര്‍ എന്നിവരുടെ കാലാവധി സെപ്തംബര്‍30 വരെ നീട്ടുന്നതിനും ഈ തസ്തികകളിലേക്കും സോപാനം കാവലിലേക്കും അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ഥികളുടെ അഭിമുഖം സെപ്തംബര്‍ 14, 15 തീയതികളില്‍ ദേവസ്വം ഓഫീസില്‍ നടത്തുന്നതിനും ഭരണസമിതി തീരുമാനിച്ചു.