പാലക്കാട്: കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ് ഓഫീസ് ആവശ്യം കഴിഞ്ഞാലുടൻ സ്കൂൾ അധികൃതർ രക്ഷാകർത്താക്കൾക്ക് മടക്കി നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. വല്ലപ്പുഴ വി.സി.എം എൽ.പി സ്കൂൾ വിദ്യാർഥികളുടെ രക്ഷാ കർത്താക്കൾ നൽകിയ പരാതിയിലാണ് ഉത്തരവ്. പ്രധാനാധ്യാപിക കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ് 14 ദിവസത്തിനകം മടക്കി നൽകിയില്ലെങ്കിൽ പാലക്കാട് വിദ്യാഭ്യാസ ഉപമേധാവി ഇടപെട്ട് സർട്ടിഫിക്കറ്റ് വാങ്ങിനൽകണമെന്നും ഇത് നാലാഴ്ചക്കകം രേഖാമൂലം അറിയിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
വല്ലപ്പുഴ സ്വദേശിനി വി.ടി. ആമിനയും നിവേദ്യയും സമർപ്പിച്ച പരാതികളിലാണ് നടപടി. വല്ലപ്പുഴ വി.സി.എം.എൽ.പി സ്കൂൾ പ്രധാനാധ്യാപികക്ക് എതിരെയാണ് പരാതികൾ. രണ്ട് വർഷം കഴിഞ്ഞിട്ടും കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ് നൽകിയില്ലെന്നാണ് പരാതി. കുട്ടിയുടെ ചികിത്സ നടത്താൻ ജനന സർട്ടിഫിക്കറ്റ് ഇല്ലാത്തതു
കാരണം സഹായം ലഭിച്ചില്ലെന്നും നഷ്ടമുണ്ടായ തുക പ്രധാനാധ്യാപികയിൽനിന്ന് ഈടാക്കി നൽകണമെന്നും പരാതിക്കാരിയായ ആമിന ആവശ്യപ്പെട്ടു.

